മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സഞ്ജു ശിവറാം. 2012ല്‍ പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്. പിന്നീട് 1983, മണ്‍സൂണ്‍ മാംഗോസ് ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ ഭാഗമാകാന്‍ സഞ്ജുവിന് സാധിച്ചു.
ഈയിടെ ഇറങ്ങി വലിയ ശ്രദ്ധ നേടിയ 1000 ബേബീസ് എന്ന വെബ് സീരീസിലും ശ്രദ്ധേയമായ കഥാപാത്രത്തെ സഞ്ജു ശിവറാം അവതരിപ്പിച്ചു. ഇപ്പോള്‍ നടന്‍ ടൊവിനോ തോമസുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് സഞ്ജു.
സിനിമയില്‍ വന്ന കാലം തൊട്ട് ടൊവിനോയെ പരിചയമുണ്ടെന്നാണ് നടന്‍ പറയുന്നത്. ആദ്യമായി പരസ്പരം കാണുന്നത് 1983 സിനിമയുടെ ഷൂട്ടിങ് സമയത്താണെന്നും ശേഷം രണ്ടുപേരും ഒരേ കഥാപാത്രത്തിനായി ഒഡീഷന് പോയിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടൊവിയെ എനിക്ക് പത്തോ പന്ത്രണ്ടോ വര്‍ഷമായി അറിയാം. ഞങ്ങള്‍ക്കിടയില്‍ അത്രയും വര്‍ഷത്തെ പരിചയമുണ്ട്. സിനിമയില്‍ വന്ന കാലം തൊട്ടുള്ള പരിചയമാണ്. ഞങ്ങള്‍ ആദ്യമായി പരസ്പരം കാണുന്നത് 1983 എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ്.
അന്ന് ഞങ്ങളുടെ കൂടെ ഗ്രിഗറിയും ഉണ്ടായിരുന്നു. പഴനിയില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ടൊവി ഗ്രിഗറിയുടെ കൂടെ അവിടേക്ക് വരികയായിരുന്നു. അന്ന് ഞങ്ങള്‍ ജസ്റ്റ് ഒന്ന് പരിചയപ്പെട്ടു.
പിന്നീട് ഒരു സിനിമയുടെ ഒഡീഷന്റെ സമയത്താണ് കാണുന്നത്. ടൊവിയെ ഞാന്‍ രണ്ടാമത് കാണുന്നത് അവിടെ വെച്ചാണ്. ഞങ്ങള്‍ രണ്ടുപേരും ഒരേ കഥാപാത്രത്തിനായിരുന്നു അന്ന് ഒഡീഷന് പോയത്. അത് ഏതായിരുന്നു പടമെന്ന് ചോദിച്ചാല്‍, ആ സിനിമ നടന്നില്ല.
ഐ.പി.എല്ലിന്റെ പരസ്യമൊക്കെ ചെയ്തിട്ടുള്ള ജയ എന്ന സംവിധായക ചെയ്യാനിരുന്ന സിനിമയായിരുന്നു അത്. മഞ്ജു വാര്യറും ആ സിനിമയില്‍ അഭിനയിക്കേണ്ടതായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. അങ്ങനെ അതിന്റെ ഒഡീഷന് ഞങ്ങള്‍ വീണ്ടും കണ്ടു.
അത് കഴിഞ്ഞ് മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമ സംഭവിച്ചു. യു.എസില്‍ ആയിരുന്നു അതിന്റെ ഷൂട്ട് നടന്നിരുന്നത്. അതിന് വേണ്ടിയുള്ള വിസയുടെയും ഇന്റര്‍വ്യൂവിന്റെയുമൊക്കെ പ്രോസസ് മുതല്‍ പിന്നെ ഞങ്ങള്‍ നാല്‍പത് ദിവസത്തോളം ഒരുമിച്ചായിരുന്നു,’ സഞ്ജു ശിവറാം പറഞ്ഞു.
Content Highlight: Sanju Sivram Talks About How He Met Tovino Thomas