എന്തുചെയ്യും എന്നറിയാതെ ഞാന്‍ പതറി; തൊട്ടടുത്ത് നിന്ന ടൊവി അന്ന് കൈ ചേര്‍ത്തു പിടിച്ചു: സഞ്ജു ശിവറാം
Entertainment
എന്തുചെയ്യും എന്നറിയാതെ ഞാന്‍ പതറി; തൊട്ടടുത്ത് നിന്ന ടൊവി അന്ന് കൈ ചേര്‍ത്തു പിടിച്ചു: സഞ്ജു ശിവറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th February 2025, 4:14 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സഞ്ജു ശിവറാം. 2012ല്‍ പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്. പിന്നീട് 1983, മണ്‍സൂണ്‍ മാംഗോസ് ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ ഭാഗമാകാനും സഞ്ജുവിന് സാധിച്ചിരുന്നു.

മണ്‍സൂണ്‍ മാംഗോസ് സിനിമയില്‍ നടന്‍ ടൊവിനോ തോമസും അഭിനയിച്ചിരുന്നു. ഇപ്പോള്‍ നടന്‍ ടൊവിനോ തോമസുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് സഞ്ജു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമയുടെ ഷൂട്ട് യു.എസില്‍ ആയിരുന്നു നടന്നിരുന്നത്. അതിന് വേണ്ടിയുള്ള വിസയുടെയും ഇന്റര്‍വ്യൂവിന്റെയുമൊക്കെ പ്രോസസ് മുതല്‍ ഞാനും ടൊവിയും ഒരുമിച്ചായിരുന്നു. യു.എസില്‍ ഉണ്ടായിരുന്നപ്പോള്‍ നാല്‍പത് ദിവസത്തോളം ഞങ്ങള്‍ ഒരുമിച്ച് തന്നെയായിരുന്നു.

എന്നാല്‍ അഞ്ചോ ആറോ ദിവസത്തോളം മാത്രമായിരുന്നു ഞങ്ങള്‍ക്ക് ഷൂട്ട് ഉണ്ടായിരുന്നത്. ഞാനും ടൊവിയും അന്ന് റൂംമേറ്റ്‌സായിരുന്നു. അന്ന് ഒരുമിച്ചായിരുന്നു യാത്രകളൊക്കെ. ആ സമയത്ത് ഒരുപാട് സംസാരിക്കുമായിരുന്നു. ഒരുമിച്ച് സിനിമകള്‍ കണ്ടു, കുക്ക് ചെയ്തു.

ഞങ്ങള്‍ അന്ന് തുടങ്ങിയ സൗഹൃദമാണ്. അന്ന് മുതല്‍ക്കേ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. എന്ത് വിഷമത്തിലൂടെ കടന്ന് പോകുമ്പോഴും പറയാതെ തന്നെ അതൊക്കെ മനസിലാക്കുന്ന സൗഹൃദമാണ്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യമുണ്ട്. അന്ന് ഞാന്‍ അത്രയേറെ വിഷമിച്ച് നില്‍ക്കുകയായിരുന്നു.

ഞാന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തു. എന്നാല്‍ പല കാരണത്താലും എനിക്ക് അതില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. വേറെയൊരു സിനിമയുടെ പൂജയുടെ സമയത്താണ് ഞാന്‍ ഈ കാര്യം അവരില്‍ നിന്ന് അറിയുന്നത്. ഞാന്‍ അന്ന് വല്ലാതെ ഷോക്കായി. ടൊവിക്ക് കൃത്യമായി അത് മനസിലായി.

ആ സിനിമയെ കുറിച്ചും മറ്റും ഞാന്‍ അവനോട് അതിന് മുമ്പ് സംസാരിച്ചിരുന്നു. ടൊവിയും ആ സിനിമയുടെ ഭാഗമാകേണ്ടതായിരുന്നു. അതുകൊണ്ട് തന്നെ അവന് കൃത്യമായി കാര്യം അറിയാമായിരുന്നു. ഞാന്‍ കാര്യം അറിഞ്ഞതും ആകെ പതറിപ്പോയി.

എന്തുചെയ്യണമെന്ന് അറിയാതെ സ്റ്റക്കായി നില്‍ക്കുകയായിരുന്നു ഞാന്‍. അന്ന് എന്റെ തൊട്ടടുത്ത് നിന്നിരുന്ന ടൊവി എന്റെ കയ്യില്‍ പിടിച്ചു. അത് എനിക്ക് ഇന്നും ഓര്‍മയുണ്ട്. ഞാന്‍ പറയാതെ തന്നെ എന്റെ തൊട്ടടുത്ത് നിന്ന ടൊവിക്ക് എന്റെ മാനസികാവസ്ഥ മനസിലായി. ഇത്തരം ചെറിയ മൊമന്റുകളാണ് നമ്മളെ മറ്റുള്ളവരുമായി കണക്ട് ചെയ്യുന്നത്,’ സഞ്ജു ശിവറാം പറഞ്ഞു.

Content Highlight: Sanju Sivaram Talks About His Friendship With Tovino Thomas