മോശം സിനിമ ചെയ്ത് പൈസ ഉണ്ടാകുന്നതു അത്ര നല്ല കാര്യമല്ല: സഞ്ജു ശിവറാം
2012-ൽ പുറത്തിറങ്ങിയ നി കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് സഞ്ജു ശിവറാം. പിന്നീട് ഹലോ നമസ്തേ, അച്ചായൻസ്, 1000 ബേബീസ്, മസ്തിഷ്ക മരണം, ഐ നോബഡി എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൃഷാന്ത് സംവിധാനം ചെയ്ത ദി ക്രോണിക്കിൾസ് ഓഫ് ദ 4.5 ഗ്യാങ് എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച നടനുള്ള നെക്സ ഇന്ത്യ സ്ട്രീമിംഗ് അവാർഡും ഈയിടെ സഞ്ജു ശിവറാം കരസ്ഥമാക്കിയിരുന്നു. ഓണം റിലീസായി തിയേറ്ററുകളിൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ഖലീഫയിൽ സമദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്
ദി ഷോസ്ക്കേപ്പ് ജേർണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സഞ്ജു ശിവറാം.

സഞ്ജു ശിവറാം. Photo. Screen grab/ Youtube
ഒരു മോശം സിനിമ ചെയ്തു, പക്ഷേ നല്ല പ്രതിഫലം കിട്ടി എന്ന് പറയുന്നതിൽ കാര്യമില്ലെന്ന് വ്യക്തമാക്കുകയാണ് നടൻ സഞ്ജു ശിവറാം. കരിയറിൽ ചില സിനിമകൾ കിട്ടിയത് മറ്റു പല സിനിമകളും വേണ്ടെന്ന് വെച്ചതുകൊണ്ടാണെന്നും നടൻ കൂട്ടിച്ചേർക്കുന്നു.
‘ഒരു മോശം സിനിമ ചെയ്തു, പക്ഷേ നല്ല പൈസ കിട്ടി എന്ന് പറയുമ്പോൾ അതൊരു ശരിയായ കാര്യമായിട്ട് എനിക്ക് തോന്നാറില്ല. കാരണം പൈസ അങ്ങ് തീർന്നുപോകും. പക്ഷേ നമ്മൾ ഒരു സിനിമയിലൂടെ ഉണ്ടാക്കിയ ആ പേര് അവിടെത്തന്നെ നിലനിൽക്കും. എനിക്ക് ചില നല്ല സിനിമകൾ കിട്ടിയത് ഞാൻ മോശം സിനിമകൾ ചെയ്യാതിരുന്നതുകൊണ്ടാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.
അതിൽ എനിക്ക് യാതൊരു കുറ്റബോധവും ഇതുവരെ തോന്നിയിട്ടുമില്ല. കാരണം ആ സിനിമയുടെ ഭാവി എന്തായിരുന്നു എന്ന് നമുക്ക് പിന്നീട് മനസിലാകും. അതുപോലെ തന്നെ നമ്മളെ കൈവിട്ടുപോയ ചില നല്ല സിനിമകളുമുണ്ട്,’ നടൻ പറഞ്ഞു.
ഒരു സിനിമയോട് യെസ് പറയുന്നത് പലപ്പോഴും തിരക്കഥ മാത്രം നോക്കിയല്ലെന്നും, സംവിധായകൻ, പ്രൊഡക്ഷൻ കമ്പനി തുടങ്ങിയ പല ഘടകങ്ങളെയും ആശ്രയിച്ചാണെന്നും സഞ്ജു പറയുന്നു.
‘എന്റെ എല്ലാ തീരുമാനങ്ങളും ശരിയായിരുന്നു എന്നല്ല. ഇനി അങ്ങോട്ടും ശ്രദ്ധപൂർവ്വം സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, എങ്കിലും അതിൽ അബദ്ധങ്ങൾ പറ്റാം. അതിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഒരു സിനിമയോട് യെസ് പറയുന്നത് ചിലപ്പോൾ അതിന്റെ തിരക്കഥ കാരണമായിരിക്കും, ചിലപ്പോൾ സംവിധായകനെ കണ്ടായിരിക്കും, അല്ലെങ്കിൽ പ്രൊഡക്ഷൻ കമ്പനിയോ എഴുത്തുകാരനോ ഒക്കെ കാരണമായിരിക്കും.
അങ്ങനെ എന്റെ ചില തീരുമാനങ്ങളെ ഈ ഘടകങ്ങളെല്ലാം സ്വാധീനിക്കാറുണ്ട്. കരിയറിൽ ഇത്രയും സിനിമകൾ ചെയ്യുമ്പോൾ ഒരു പത്ത് ശതമാനത്തിൽ കൂടുതൽ ഞാൻ ചെയ്ത സിനിമകളോ കഥാപാത്രങ്ങളോ വിജയിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഇൻഡസ്ട്രി സ്റ്റാൻഡേർഡിനേക്കാൾ മെച്ചമാണല്ലോ,’ സഞ്ജു ശിവറാം വ്യക്തമാക്കി.

സഞ്ജു ശിവറാം. Photo. Screen grab/ Youtube
Content Highlight: Sanju Sivaram says he got good movies because he rejected certain other films