2026 ഐ.പി.എല്‍ ആവേശകരമായി അവസാനിക്കുമ്പോള്‍ ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നിലനിര്‍ത്തിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ കിരീട നേട്ടം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
— Royal Challengers Bengaluru (@RCBTweets) May 31, 2026
ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമാണ് ബെംഗളൂരു. ഇത് രണ്ടാം തവണയാണ് രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടനേട്ടത്തിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ കിരീട നേട്ടം.
ഐ.പി.എല്ലിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സീസണ്‍ കൂടിയായിരുന്നു 2026. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ പിറന്ന സീസണ്‍ ആയിരുന്നു ഇത്. ഐ.പി.എല്‍ 19ാം എഡിഷനില്‍ പിറന്നത് 15 സെഞ്ച്വറികളാണ്. ഈ സീസണ്‍ തകര്‍ത്തെറിഞ്ഞത് 2024ല്‍ കുറിക്കപ്പെട്ട 14 സെഞ്ച്വറികളുടെ റെക്കോഡായിരുന്നു. ഈ സീസണിലെ 15 സെഞ്ച്വറികളില്‍ ഒന്നിലധികം സെഞ്ച്വറി നേടിയത് മലയാളി താരം സഞ്ജു സാംസണ്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്.
ഈ സീസണില്‍ സെഞ്ച്വറി വേട്ടക്ക് തുടക്കം കുറിച്ചതും സഞ്ജുവാണ്. ഏപ്രില്‍ 11ന് ചെപ്പോക്കില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഐ.പി.എല്‍ 2026ലെ ആദ്യ സെഞ്ച്വറി. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.