പന്തുണ്ട്, സഞ്ജുവും കിഷനുമില്ല; കിവികള്‍ക്ക് എതിരെയുള്ള ചോപ്രയുടെ ഏകദിന ടീമിങ്ങനെ
Cricket
പന്തുണ്ട്, സഞ്ജുവും കിഷനുമില്ല; കിവികള്‍ക്ക് എതിരെയുള്ള ചോപ്രയുടെ ഏകദിന ടീമിങ്ങനെ
ഫസീഹ പി.സി.
Friday, 2nd January 2026, 12:01 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള പരമ്പരക്കായാണ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. ജനുവരി 11 മുതലാണ് ഈ പരമ്പര തുടക്കമാവുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി – 20 മത്സരങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കിവികള്‍ക്ക് എതിരെയുള്ള ടി – 20 പരമ്പരയ്ക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ടി – 20 ലോകകപ്പിനുള്ള സ്‌ക്വാഡ് തന്നെയാണ് ഈ പരമ്പരയിലും ഇറങ്ങുക. എന്നാല്‍, ഏകദിന പരമ്പരക്കായുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി മൂന്നിനോ നാലിനോ ഈ സ്‌ക്വാഡിന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

Photo: Hardikian/x.com

ഇപ്പോള്‍ അതിന് മുന്നോടിയായി ന്യൂസിലാന്‍ഡിന് എതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരാണ് അദ്ദേഹത്തിന്റെ ടീമിലെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍.

മലയാളി താരം സഞ്ജു സാംസണിനും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇഷാന്‍ കിഷനും ചോപ്രയുടെ ടീമില്‍ ഇടം പിടിക്കാനായില്ല. എന്നാല്‍ ഋതുരാജ് ഗെയ്ക്വാദ് ടീമിലെത്തി.

Photo: Dhruv Thakur/x.com

‘ഗില്‍ ഫിറ്റാണ്. അതിനാല്‍ അവന്‍ ക്യാപ്റ്റനായി എത്തും. കൂടാതെ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുകയും ചെയ്യും. യശസ്വി ജെയ്സ്വാള്‍ ഉണ്ടെങ്കിലും അവന്‍ കാത്തിരിക്കേണ്ടി വരും. മൂന്നാം നമ്പറില്‍ ഇറങ്ങുക വിരാട് കോഹ്ലി തന്നെയാണ്.

ശ്രേയസ് അയ്യര്‍ ഈ പരമ്പരയില്‍ കളിച്ചേക്കില്ലെന്നാണ് പുതിയ വിവരം. അതിനാല്‍ നാലാം നമ്പറില്‍ ഋതുരാജ് ഗെയ്ക്വാദ് തുടരും. വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ കെ.എല്‍ രാഹുലുമുണ്ടാവും,’ ചോപ്ര പറഞ്ഞു.

ഏകദിനത്തില്‍ അക്സര്‍ പട്ടേലിനേക്കാള്‍ മുന്‍ഗണന താന്‍ ജഡേജയ്ക്കാണ് നല്‍കുന്നതെന്നും ചോപ്ര പറഞ്ഞു. കഴിഞ്ഞ പരമ്പരയിലെ അവസാന മത്സരത്തില്‍ കളിച്ചില്ലെങ്കിലും വാഷിങ്ടണ്‍ സുന്ദറിന് എന്റെ ടീമില്‍ ഇടമുണ്ട്. ഒപ്പം തിലക് വര്‍മയുമുണ്ടാവും. റിഷബ് പന്തിനേയും താന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിന് എതിരെയുള്ള ആകാശ് ചോപ്രയുടെ ഇന്ത്യന്‍ ടീം

ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, അക്സര്‍ പട്ടേല്‍/ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, തിലക് വര്‍മ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, റിഷബ് പന്ത്, യശസ്വി ജെയ്സ്വാള്‍

Content Highlight: Sanju Samson and Ishan Kishan excluded Akash Chopra’s  Indian team for New Zealand ODI Series

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി