ഇന്ത്യക്കെതിരെയുള്ള നാലാം ടി-20യിൽ വെസ്റ്റ് ഇൻഡീസ് 24 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഇന്ത്യക്കെതിരെ ഉയർത്തിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ ഇന്നിങ്സ് 19.3 ഓവറിൽ 223 റൺസിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ 23 പന്തില്‍ നിന്ന് നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. 243.48 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ആക്രമണ ബാറ്റിങ്.

ഈ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ഒരു വമ്പൻ റെക്കോഡ് സ്വന്തമാക്കാനും മലയാളി താരത്തിന് സാധിച്ചു. കുട്ടി ക്രിക്കറ്റിൽ ഹൈദരാബാദ് സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ നാലാമനായി മാറിയാണ് സഞ്ജു റെക്കോർഡിട്ടത്.

ഹൈദരാബാദ് സ്റ്റേഡിയത്തിൽ 34 സിക്സുകളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. 33 സിക്സുകൾ വീതം ഈ സ്റ്റേഡിയത്തിൽ നേടിയ മുൻ ഇന്ത്യൻ താരം ശിഖർ ധവാനെയും ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡ് എന്നിവരെ മറികടന്നുകൊണ്ടാണ് സഞ്ജുവിന്റെ കുതിപ്പ്.

ഹൈദരാബാദ് സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം ഓസീസ് ഇതിഹാസം ഡേവിഡ് വാർണറാണ് 77 സിക്സുകളാണ് വാർണർ നേടിയത്. 71 സിക്സുകളുമായി അഭിഷേക് ശർമയും 54 ഹെൻറിച്ച് ക്ലാസനുമാണ്‌ ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

അതേസമയം മത്സരത്തിൽ സഞ്ജുവിന് പുറമേ ഇന്ത്യക്ക് വേണ്ടി തിലക് വർമ 43 റൺസും നിതീഷ് കുമാർ റെഡ്ഢി 41 റൺസും അഭിഷേക് ശർമ 29 സ്വന്തമാക്കി മികച്ച പ്രകടനം നടത്തിയെങ്കിലും 24 റൺസകലെ ടീമിന് വിജയം നഷ്ടമാവുകയായിരുന്നു.

വിൻഡീസ് ബൗളിങ് നിരയിൽ കീമോ പോൾ അഞ്ച് വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഗുഡാഗേഷ് മോട്ടി രണ്ട് വിക്കറ്റും ഷാമർ സ്പ്രിങർ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ നിർണായകമായി.

ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് വമ്പന്‍ സ്‌കോറിലെത്തിയത്. ബാക് ടു ബാക് സിക്‌സര്‍ പറത്തി നേരിട്ട 50ാം പന്തില്‍ പുറത്താകാതെ 102* റണ്‍സാണ് ഹോപ്പ് അടിച്ചെടുത്തത്. 204.00 എന്ന പ്രഹര ശേഷിയില്‍ ഒമ്പത് സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് ഹോപ്പ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഹോപ്പിന് പുറമെ 26 പന്തില്‍ 49* റണ്‍സ് നേടി ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് മികവ് പുലര്‍ത്തി. മത്സരത്തില്‍ വിന്‍ഡീസിന് വേണ്ടി 21 റണ്‍സാണ് യുവ ഓപ്പണര്‍ ജുവല്‍ ആന്‍ഡ്രൂ നേടിയത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 32 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനവും നടത്തി മടങ്ങി. പിന്നീട് ഇറങ്ങിയ റോവ്മാന്‍ പവല്‍ 17 പന്തില്‍ 24 റണ്‍സും നേടി.

ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റ് വീഴ്ത്തി.

ഈ തകർപ്പൻ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയാക്കാനും വെസ്റ്റ് ഇൻഡീസിന് സാധിച്ചു. പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ 17നാണ് നടക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

 

Content Highlight: Sanju Samson break Shikhar Dhawan record in Hyderabad cricket stadium