ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8 മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
ലോകകപ്പിലെ നിര്‍ണായക ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുമ്പോള്‍ ടീമില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് താരങ്ങളെ തെരഞ്ഞടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സഞ്ജയ് ബംഗാര്‍. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ നിര്‍ണായകമാകുക ഇഷാന്‍ കിഷിഷനും സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയുമാണെന്ന് സഞ്ജയ് ബംഗാര്‍ പറഞ്ഞു. അഭിഷേക് ശര്‍മ മികച്ച കളിക്കാരനാണെങ്കിലും ബാറ്റില്‍ വേണ്ടത്ര സംഭാവന നല്‍കാത്തതിനാല്‍ ഇഷാനാണ് സ്‌കോര്‍ ഉയര്‍ത്തേണ്ട ചുമതലയുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ ടി-20 ലോകകപ്പില്‍ ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ നിര്‍ണായകമാകുന്ന മൂന്ന് കളിക്കാരുണ്ട്. ഇഷാന്‍ കിഷന്റെ നിലവിലെ ബാറ്റിങ് ഫോം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹമാണ് ഒരാളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അഭിഷേക് ശര്‍മ മികച്ച കളിക്കാരനാണെങ്കിലും ബാറ്റില്‍ വേണ്ടത്ര സംഭാവന നല്‍കാത്തതിനാല്‍, സ്‌ഫോടനാത്മകമായ തുടക്കങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്തം ഇപ്പോള്‍ ഇഷാന്റെ ചുമലിലാണ്. രണ്ടാമത്തെ കളിക്കാരന്‍ സൂര്യകുമാര്‍ യാദവാണ്.
മിക്ക മത്സരങ്ങളിലും അദ്ദേഹം സ്ഥിരതയാര്‍ന്ന റണ്‍സ് നേടുന്നുണ്ട്, സാഹചര്യങ്ങളുമായി സൂര്യ നന്നായി പൊരുത്തപ്പെട്ടു. മൂന്നാമത്തെ പ്രധാന കളിക്കാരന്‍ തീര്‍ച്ചയായും ജസ്പ്രീത് ബുംറയായിരിക്കും,’ ബംഗാര്‍ പറഞ്ഞു.
അതേസമയം നാളെ (ഫെബ്രുവരി 21) നടക്കുന്ന പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് ഗ്രൂപ്പ് 2 മത്സരങ്ങളോടെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
സൂപ്പര്‍ 8ല്‍, പ്രത്യേകിച്ച് ഗ്രൂപ്പ് വണ്ണില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് തന്നെയായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീമുകള്‍ നാലുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്. ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും പുറമെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ഏത് ചാമ്പ്യന്‍ ടീമിനെയും മുട്ടുകുത്തിക്കാന്‍ പോന്ന സിംബാബ്‌വേയുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്.
പരാജയമറിയാത്ത നാല് ടീമും ഒരു ഗ്രൂപ്പിലെത്തിയപ്പോള്‍ ഗ്രൂപ്പ് 2ലെ എല്ലാ ടീമുകളും മൂന്ന് ജയവും ഓരോ തോല്‍വിയും കൈമുതലായി ഉള്ളവരാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് 2ലെ ടീമുകള്‍.
സൂപ്പര്‍ 8ല്‍ ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. മൂന്ന് വീതം മത്സരമായിരിക്കും ഓരോ ടീമുകളും കളിക്കുക. സൂപ്പര്‍ 8ന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.
Content Highlight: Sanjay Bangar Select three X Factor Players For Indian Team In On Going T20 World Cup 2026