ടി-20 ലോകകപ്പ് 2026ല്‍ പാകിസ്ഥാനെ തകര്‍ത്ത് സൂപ്പര്‍ എട്ടില്‍ 8ല്‍ എത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍.
ഇന്ത്യ ഇപ്പോള്‍ വേഗത കൈവരിച്ചെന്നും ആദ്യത്തെ മൂന്ന് മത്സരവും ഇന്ത്യ വളരെ മികച്ച രീതിയിലാണ് കളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദുഷ്‌കരമായ സാഹചര്യത്തില്‍, ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യ സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി ബാറ്റ് ചെയ്തെന്നും ബംഗാര്‍ ചൂണ്ടിക്കാട്ടി.
‘ഇന്ത്യ ഇപ്പോള്‍ വേഗത കൈവരിച്ചു. ആദ്യത്തെ മൂന്ന് മത്സരവും ഇന്ത്യ വളരെ മികച്ച രീതിയിലാണ് കളിച്ചത്. ദുഷ്‌കരമായ സാഹചര്യത്തില്‍, ദുഷ്‌കരമായ പിച്ചില്‍, അവര്‍ മികച്ച സ്‌കോര്‍ നേടി. നിലവാരമുള്ള സ്പിന്നര്‍മാര്‍ക്കെതിരെ അവര്‍ നന്നായി ബാറ്റ് ചെയ്തു. ആദ്യ രണ്ട് മത്സരങ്ങളില്‍ സ്പിന്നിനെതിരെ വിക്കറ്റുകള്‍ വീണിരുന്നു.
മൂന്നാം മത്സരത്തില്‍ സ്പിന്നിനെതിരെ വിക്കറ്റുകള്‍ വീഴുന്ന പിച്ചില്‍ 18 ഓവര്‍ നന്നായി ബാറ്റ് ചെയ്യുകയും പിന്നീട് എതിരാളികളെ വിലകുറഞ്ഞ രീതിയില്‍ പുറത്താക്കുകയും ചെയ്യുമ്പോള്‍, ഇന്ത്യന്‍ ടീം ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെന്ന് ഞാന്‍ കരുതുന്നു,’ സഞ്ജയ് ബംഗാര്‍.
അതേസമയം 2026 ടി – 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാകിസ്ഥാനെതിരെ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 176 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് ടീം രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ 114 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഇതോടെ സൂപ്പര്‍ 8 ലേക്ക് പ്രവേശിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയായിരുന്നു. ഇനി ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലെ അവസാന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. നാളെ (ഫെബ്രുവരി 18) ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Sanjay Bangar Praises Indian Cricket Team