ഡീജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ സാനിയ ബാലതാരമായും വേഷമിട്ടിട്ടുണ്ട്. ക്വീനിന് ശേഷം ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാനും സാനിയക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചു.
യൂട്യുബേഴ്‌സിന്റെ ക്യാമറ ആങ്കിളിനെ കുറിച്ച് സംസാരിക്കുകയാണ് സാനിയ അയ്യപ്പന്‍. ഉദ്ഘാടനത്തിന് പോകുമ്പോള്‍ ഡാന്‍സ് കളിക്കില്ലെന്ന് ആദ്യമേ അവരോട് പറയുമെന്ന് സാനിയ അയ്യപ്പന്‍ പറയുന്നു. ഡാന്‍സ് കളിക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും എന്നാല്‍ അത് ഷൂട്ട് ചെയ്യുന്ന ക്യാമറ ആങ്കിള്‍ വള്‍ഗറാണെന്നും സാനിയ പറഞ്ഞു.
അത്തരക്കാര്‍ വള്‍ഗറായിട്ടുള്ള ആങ്കിളില്‍ എടുത്ത വീഡിയോ വയറലാക്കുമെന്നും അതാണ് അവരുടെ കണ്ടന്റെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാനിയ അയ്യപ്പന്‍.
‘ഇപ്പോള്‍ ഉദ്ഘാടനത്തിന് പോകുമ്പോള്‍ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയും. ഉദ്ഘാടനത്തിന് ഡാന്‍സും കൂടെ ചെയ്യാന്‍ വേണ്ടിയായിരിക്കുമല്ലോ ആളുകള്‍ നമ്മളെ ക്ഷണിക്കുന്നത്. എന്നാല്‍ ഈ ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന കാര്യങ്ങളും മറ്റും നമ്മളെ വള്‍ഗറാക്കി പ്രസന്റ് ചെയ്യുന്ന രീതിതന്നെ വളരെ മോശമാണ്. എന്നിട്ടത് വയറലാകും. അതാണ് അവരുടെയൊക്കെ കണ്ടന്റ്.
ഇപ്പോള്‍ ഈ തിയേറ്ററിന്റെ മുന്നിലെല്ലാം ഓരോന്ന് ചെയ്യുന്ന പാവങ്ങളെയെല്ലാം കണ്ടന്റിന് വേണ്ടി ഉപയോഗിക്കുന്നതാണോ എന്നവര്‍ അറിയുന്നുണ്ടോ എന്നുപോലും എനിക്കറിയില്ല,’ സാനിയ അയ്യപ്പന്‍ പറയുന്നു.