കൂടെ വന്ന പലരും വീണ്ടും സിനിമ ചെയ്തു, അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ഡിപ്രഷന്‍ വരെയെത്തി: സാനിയ
Entertainment news
കൂടെ വന്ന പലരും വീണ്ടും സിനിമ ചെയ്തു, അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ഡിപ്രഷന്‍ വരെയെത്തി: സാനിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 3:41 pm

ക്വീന്‍ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ ഇയ്യപ്പന്‍. എന്നാല്‍ തന്റെ ആദ്യ സിനിമക്ക് ശേഷം അവസരങ്ങളൊന്നും തനിക്ക് കിട്ടിയിരുന്നില്ലെന്ന് പറയുകയാണ് താരമിപ്പോള്‍. ആദ്യ സിനിമയില്‍ തന്റെയൊപ്പം അഭിനയിച്ച പലരും പിന്നീട് സിനിമകള്‍ ചെയ്തപ്പോഴും അവസരങ്ങള്‍ തനിക്ക് മാത്രം കിട്ടിയില്ലെന്നും അത് ഒരുപാട് വേദനിപ്പിച്ചെന്നും സാനിയ പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നോര്‍ത്ത് ഒരുപാട് നടന്നെന്നും അതിന് ഉത്തരം കിട്ടിയില്ലെന്നും സാനിയ പറഞ്ഞു. ഡിപ്രഷനിലേക്ക് പോകുന്ന സാഹചര്യം വരെയുണ്ടായെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.

‘ഞാന്‍ വളരെ നോര്‍മലായിട്ടുള്ളൊരു ഫാമിലിയില്‍ നിന്നും വരുന്ന കുട്ടിയാണ്. എന്റേതൊരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. അത്തരമൊരു ജിവിതരീതിയില്‍ നിന്നും വരുന്ന ഒരു കുട്ടിയെ സംബന്ധിച്ച് പല കാര്യങ്ങളും അംഗീകരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയായിരുന്നു എന്റെ കാര്യവും സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാന്‍ ആദ്യം ബുദ്ധിമുട്ടായിരുന്നു.

ഞാന്‍ ഭയങ്കര കരച്ചിലും പിഴിച്ചിലുമൊക്കെയായിരുന്നു. ഞാന്‍ വീട്ടുകാരോടും ഈ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞാന്‍ ഇനി സിനിമയൊന്നും ചെയ്യുന്നില്ലായെന്ന് വരെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ക്വീന്‍ സിനിമക്ക് ശേഷം എനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. എന്റെ കൂടെ അഭിനയിച്ച പലര്‍ക്കും സിനിമകളൊക്കെ കിട്ടാനും തുടങ്ങിയിരുന്നു.

ആ സിനിമയില്‍ ലീഡ് റോള്‍ ചെയ്തത് ഞാനായിരുന്നു. എന്നാല്‍ എനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ല. എന്നെ ആളുകള്‍ അംഗീകരിക്കാത്തതുകൊണ്ടാണോ അങ്ങനെ വരുന്നത് എന്ന ചിന്തയൊക്കെയാണ് എനിക്ക് വന്നത്. അങ്ങനെയൊക്കെ വന്നപ്പോള്‍ ഞാന്‍ ഏതാണ്ട് ഡിപ്രഷനിലേക്ക് പോയി. എന്റെ ലുക്കാണോ പ്രശ്‌നം അതോ അഭിനയമാണോ പ്രശ്‌നം എന്നൊക്കെ ഞാന്‍ സ്വയം ചിന്തിച്ച് കൂട്ടി.

എന്റെ ഷോര്‍ട്ട് ഹെയറും ആ കഥാപാത്രവുമൊക്കെ ആയിരിക്കും ആളുകള്‍ എന്നെ അംഗീകരിക്കാത്തതിന്റെ കാരണമെന്ന് ഞാന്‍ ചിന്തിച്ചു. ശരിക്കും പറഞ്ഞാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല. ഇന്നും എത്രപേര്‍ കുറ്റപ്പെടുത്തിയാലും ഞാന്‍ സമ്മതിച്ച് കൊടുക്കില്ല, ചിന്നു എന്ന കഥാപാത്രം മോശമാണെന്ന്. കാരണം ചിന്നു അങ്ങനെയാണ്. എന്റെ സംവിധായകന്‍ എന്താണോ പറഞ്ഞത് അത് തന്നെയാണ് ഞാന്‍ ചെയ്തത്.

സംവിധായകന്‍ പറയുന്നത് ചെയ്യുക എന്നാണല്ലോ എന്റെ ഉത്തരവാദിത്തം. അന്ന് ഇതൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളൊക്കെ എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നുണ്ട്,’ സാനിയ ഇയ്യപ്പന്‍ പറഞ്ഞു.

CONTENT HIGHLIGHT: SANIYA IYYAPPAN TALKS ABOUT HER FILM CAREER