കോട്ടയം കുഞ്ഞച്ചന്റെ സെറ്റില്‍ വെച്ച് മമ്മൂക്കയുടെ കയ്യില്‍ നിന്നും അടി കിട്ടി, അതിന്റെ കാരണം ഇതായിരുന്നു: ബൈജു
Entertainment news
കോട്ടയം കുഞ്ഞച്ചന്റെ സെറ്റില്‍ വെച്ച് മമ്മൂക്കയുടെ കയ്യില്‍ നിന്നും അടി കിട്ടി, അതിന്റെ കാരണം ഇതായിരുന്നു: ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 12:15 pm

മമ്മൂട്ടിയെ ആദ്യമായി താന്‍ കണ്ടതിനെ കുറിച്ച് നടന്‍ ബൈജു സംസാരിക്കുന്ന പഴയ വീഡിയോ ഫാന്‍ ഗ്രൂപ്പുകളില്‍ വീണ്ടും സജീവമാവുകയാണ്. താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടതും അന്നുണ്ടായ പല അനുഭവങ്ങളുമൊക്കെയാണ് ബൈജു വീഡിയോയിലൂടെ പങ്കുവെക്കുന്നത്. മമ്മൂക്കയില്‍ നിന്നും താന്‍ പഠിച്ച പാഠങ്ങളെ കുറിച്ചും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

കോട്ടയം കുഞ്ഞച്ചന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ച് മമ്മൂട്ടിയുടെ കയ്യില്‍ നിന്നും ചെറിയൊരു അടി കിട്ടിയതിനെ കുറിച്ചും താരം പറയുന്നുണ്ട്.

‘ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത് 1981 അവസാനമാണ്. അന്ന് ദാസേട്ടന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ വെച്ച് ബലൂണ്‍ എന്ന സിനിമയുടെ ഡബ്ബിങ് നടക്കുകയായിരുന്നു. ആ സിനിമയിലെ നായകന്‍ മുകേഷായിരുന്നു. പക്ഷെ മമ്മൂക്കയും ആ സിനിമയില്‍ വളരെ പ്രാധാന്യമുള്ള റോളാണ് ചെയ്തിരിക്കുന്നത്. അതിന്റെ ഡബ്ബിങ്ങിനായി മമ്മൂക്കയും അങ്ങോട്ട് വന്നു. അവിടെ വെച്ചാണ് മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത്. ആ സിനിമയില്‍ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ഞാനായിരുന്നു.

അന്ന് മമ്മൂക്കയുമായി സംസാരിക്കാനൊന്നും പറ്റിയില്ല. പിന്നെ ഞാന്‍ അദ്ദേഹത്തെ കാണുന്നത് വിന്‍സെന്റ് മാഷ് സംവിധാനം ചെയ്ത കൊച്ച് തെമ്മാടിയെന്ന സിനിമയുടെ സെറ്റില്‍ വെച്ചിട്ടാണ്. അന്നൊരു പത്ത് പതിനഞ്ച് ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അന്ന് ഞാനൊക്കെ ചെറിയ പയ്യനാണ്. അവിടെ വെച്ചും മമ്മൂക്കയോട് വലുതായിട്ടൊന്നും സംസാരിച്ചിരുന്നില്ല. എങ്കിലും സംസാരിക്കാതെയിരുന്നുമില്ല.

പിന്നെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമ 1988ല്‍ പുറത്തിറങ്ങിയ മുദ്രയാണ്. ആ സിനിമയുടെ സമയത്താണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ച് കഴിഞ്ഞിട്ടാണ് മമ്മൂക്ക ആ സിനിമയിലേക്ക് വന്നത്. മുദ്ര ചെയ്യുന്ന സമയത്ത് ബീച്ചിലൊരു പാട്ട് സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഞാന്‍ ആണെങ്കില്‍ കോസ്റ്റിയൂമൊക്കെയിട്ട് തറയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ മമ്മൂക്ക വന്ന് എന്റെ തോളില്‍ തട്ടിയിട്ട് പറഞ്ഞു, അവിടെ നിന്ന് എണീക്കാന്‍.

ഞാന്‍ പെട്ടെന്ന് എണീറ്റു. കോസ്റ്റിയൂമിട്ടിട്ട് ഒരിക്കലും തറയിലിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അതാണ് പാഠം ഒന്ന്. പിന്നെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത് കോട്ടയം കുഞ്ഞച്ചനിലാണ്. അതിന്റെ ഷൂട്ടിങ്ങിന് പോയപ്പോള്‍ എല്ലാവരുംകൂടി വെറുതെയിരിക്കുകയായിരുന്നു. അന്നത്തെ കസേര ചാരിയിരിക്കാന്‍ പറ്റുന്നപോലെയുള്ള വേറെ ടൈപ്പാണ്. ഞാന്‍ കസേരയുടെ പുറത്ത് കാലൊക്കെ എടുത്തുവെച്ച് അവിടെയിരുന്നു.

ഇത് കണ്ട് വന്ന മമ്മൂക്ക മുട്ടിനിട്ട് ഒരൊറ്റ അടി തന്നു. എന്നിട്ട് കാല് കസേരിയില്‍ വെച്ചിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. അവിടെ മുതിര്‍ന്നവരൊക്കെ ഇരിക്കുന്നുണ്ടായിരുന്നു. അതിനുശേഷം കുറെ സിനിമകളില്‍ ഞാന്‍ മമ്മൂക്കയോടൊപ്പം ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നീട് പ്രമാണി, പുത്തന്‍ പണം, ഷൈലോക്ക് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്,’ ബൈജു പറഞ്ഞു.

CONTENT HIGHLIGHT: ACTOR BAIJU ABOUT MAMMOOTTY