മോളെ ഇങ്ങനെ വിട്ടോ, അഭിനയം കൊണ്ട് എന്താകാനാണെന്ന് കസിന്‍സ് പോലും ചോദിച്ചു, അമ്മയുടെ മറുപടി ഇതായിരുന്നു: സാനിയ ഇയ്യപ്പന്‍
Film News
മോളെ ഇങ്ങനെ വിട്ടോ, അഭിനയം കൊണ്ട് എന്താകാനാണെന്ന് കസിന്‍സ് പോലും ചോദിച്ചു, അമ്മയുടെ മറുപടി ഇതായിരുന്നു: സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th March 2023, 9:13 am

തന്റെ ഏറ്റവും നല്ല സുഹൃത്ത് അമ്മയാണെന്ന് പറയുകയാണ് നടി സാനിയ ഇയ്യപ്പന്‍. വീട്ടില്‍ വളരെ ഓപ്പണായി താന്‍ സംസാരിക്കുമെന്നും അച്ഛനും അമ്മയും മനസിലാക്കിയത് പോലെ തന്നെ ആരും മനസിലാക്കിയിട്ടില്ലെന്നും സാനിയ പറഞ്ഞു. തന്റെ കരിയറിനെ കുറ്റപ്പെടുത്തി ബന്ധുക്കള്‍ തന്നെ സംസാരിച്ചപ്പോള്‍ അമ്മ കൊടുത്ത മറുപടിയെ പറ്റിയും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.

‘എന്റെ സുഹൃത്തുക്കളില്‍ ഏറ്റവും മെയ്ന്‍ അമ്മയാണ്. അമ്മയോട് എല്ലാ ദിവസവും എല്ലാ കാര്യവും അപ്‌ഡേറ്റ് ചെയ്യുന്ന ആളല്ല ഞാന്‍. പക്ഷേ ഒന്നും പറ്റാതെ പൊട്ടിത്തെറിക്കും എന്നൊരു പോയിന്റില്‍ പതുക്കെ അമ്മയുടെ അടുത്ത് പോവും. അമ്മ കൃത്യമായ ഉപദേശത്തോടെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി തരും.

ഇവരാരും നല്ലതല്ലെന്ന് അന്നേ പറഞ്ഞതല്ലേ, അപ്പോള്‍ കേട്ടില്ലല്ലോ, പഠിച്ച് തന്നെ ജീവിതത്തില്‍ മനസിലാക്കാന്‍ പറയും. അച്ഛനും അമ്മയും മനസിലാക്കിയത് പോലെ എന്നെ ആരും മനസിലാക്കിയിട്ടില്ല.

വീട്ടില്‍ ഒന്നും പറയാന്‍ പറ്റാതെ പേടിച്ച് ജീവിക്കുന്ന സുഹൃത്തുക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. സാനിയക്ക് പിന്നെ സ്വാതന്ത്ര്യമുണ്ടല്ലോ, തോന്നിയ സമയത്ത് പുറത്ത് പോകാമെന്ന് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. അത് അങ്ങനെയല്ല. എല്ലാ വീട്ടിലും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്റെ വീട്ടില്‍ കാര്യങ്ങള്‍ മനസിലാക്കും. എല്ലാം ഓപ്പണായി പറയുന്ന ആളാണ് ഞാന്‍.

മോളെ ഇങ്ങനെ വിട്ടോ എന്നൊക്കെ കസിന്‍സ് തന്നെ പറയാറുണ്ട്. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കും. നിങ്ങളുടെ മക്കള്‍ ഡോക്ടേഴ്‌സും എഞ്ചിനിയേഴ്‌സും ആകുമ്പോഴേക്കും അവര്‍ക്കൊക്കെ ഒന്ന് സമാധാനിക്കാന്‍ സിനിമയല്ലേ കാണുന്നത്, അപ്പോള്‍ എന്റെ മോള്‍ അവിടെ ഉണ്ടാവട്ടെ എന്നാണ് അമ്മ പറഞ്ഞത്,’ സാനിയ പറഞ്ഞു.

Content Highlight: saniya iyyappan about her mother