അടുത്ത വര്‍ഷം ഞാന്‍ ഉണ്ടാകില്ലല്ലോ എന്നാലോചിച്ച് കണ്ണ് നിറഞ്ഞു, ആലീസും അപ്പോള്‍ കണ്ണ് തുടക്കുകയായിരുന്നു: അന്ന് ഇന്നസെന്റ് പറഞ്ഞത്
Entertainment
അടുത്ത വര്‍ഷം ഞാന്‍ ഉണ്ടാകില്ലല്ലോ എന്നാലോചിച്ച് കണ്ണ് നിറഞ്ഞു, ആലീസും അപ്പോള്‍ കണ്ണ് തുടക്കുകയായിരുന്നു: അന്ന് ഇന്നസെന്റ് പറഞ്ഞത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th March 2023, 8:08 am

നടന്‍ ഇന്നസെന്റിന്റെ വിയോഗത്തില്‍ ദുഖത്തിലാഴ്ന്നിരിക്കുകയാണ് മലയാള സിനിമ ലോകം. അഞ്ച് പതിറ്റാണ്ടുകാലം അനശ്വരമായ വിവിധ വേഷങ്ങളിലൂടെ മലയാള പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റിന്റെ നഷ്ടം നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. ഇന്നസെന്റിന്റെ പഴയ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. കാന്‍സര്‍ ബാധിതനായ ശേഷം പങ്കാളിയായ ആലീസിനൊപ്പം ഉണ്ടായ അനുഭവം നേരത്തെ മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പങ്കുവെച്ചിരുന്നത്.

‘ചിരിപ്പിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ഓരോന്ന് ആലോചിച്ച് ഇരുന്നാല്‍ ഭ്രാന്ത് പിടിക്കും. വരുമ്പോ വരട്ടെ എന്ന രീതിയില്‍ നേരിട്ടാല്‍ മതി. എന്റെ മനസിന്റെ അകത്തുള്ള രസങ്ങള്‍ മാറ്റിവെച്ചിട്ട് എവിടെയോ ഉള്ള ദു:ഖം വലിച്ചുകയറ്റുന്ന ആളല്ല ഞാന്‍.

ഞാന്‍ ഒരു സംഭവം പറയാം. ഈ വീടിന്റെ ഉമ്മറത്ത് കൂടെ പള്ളിയിലെ പ്രദക്ഷിണം പോകുകയാണ്. ആ സമയത്ത് ഞാന്‍ കാന്‍സര്‍ വന്ന് മുടിയൊക്കെ പോയി ആകെ എല്ലും തോലുമായിട്ട് ഇരിക്കാണ്. പ്രദക്ഷിണം പോകുമ്പോ ഞാന്‍ വീടിന്റെ മുറ്റത്ത് ആണ്.

അടുത്ത വര്‍ഷം അത് കാണാന്‍ ഞാന്‍ ഉണ്ടാകില്ലല്ലോ എന്ന് ആലോചിച്ച് എനിക്ക് സങ്കടം വന്നു. എന്റെ കണ്ണ് നിറഞ്ഞു. ആ സമയത്ത് ഞാന്‍ ആലീസിനെ നോക്കി. അപ്പോ അവളും കണ്ണ് തുടക്കുകയായിരുന്നു. അതു കഴിഞ്ഞിട്ട് ഇപ്പോള്‍ ഒമ്പത് വര്‍ഷമായി,’ ഇന്നസെന്റ് പറഞ്ഞു.

ഇന്നസെന്റിന് കാന്‍സറാണെന്ന വിവരം വീട്ടില്‍ അറിഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ പറ്റി ആലിസും അഭിമുഖത്തില്‍ വെച്ച് സംസാരിച്ചിരുന്നു.

‘കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ച ശേഷം വീട്ടില്‍ വന്ന രംഗം മറക്കില്ല. എല്ലാവരും കരച്ചിലായിരുന്നു. ഞങ്ങള്‍ക്ക് ഫെയ്സ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പുറത്ത് ഒരു കസേരയില്‍ ഇന്നസെന്റ് ഇരുന്നു. ചികിത്സിച്ചു മാറ്റാം എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.

എപ്പോഴും കരയാനാണ് ഉദ്ദേശമെങ്കില് ഞാന്‍ വീട് മാറിത്താമസിക്കുമെന്ന് എല്ലാവരോടും പറഞ്ഞു. അന്നുതൊട്ട് എല്ലാവരും സന്തോഷായിട്ട് ട്രീറ്റ്മെന്റ് ചെയ്തു. ആറു കീമോ ചെയ്തു. അടുത്ത വര്‍ഷം എനിക്കും അസുഖം വന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് റേഡിയേഷന്‍ ചെയ്യാന്‍ പോയി,’ ആലീസ് പറഞ്ഞു.

Content Highlight: innocent talks about an incident in old interview