വയലാര്‍ എഴുതുമോ ഇതുപോലെ, ശുദ്ധ സംഗീതത്തിന് വിലയില്ലേ? വേടന് അവാര്‍ഡ് നല്കിയതിനെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍
Malayalam Cinema
വയലാര്‍ എഴുതുമോ ഇതുപോലെ, ശുദ്ധ സംഗീതത്തിന് വിലയില്ലേ? വേടന് അവാര്‍ഡ് നല്കിയതിനെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd November 2025, 9:59 pm

2025ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച സംസ്ഥാന അവാര്‍ഡ് തന്നെയായിരുന്നു. പല ചര്‍ച്ചകളിലും ഉയര്‍ന്നുകേട്ട പേരുകള്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില പുരസ്‌കാരങ്ങളും ഇത്തവണ പ്രഖ്യാപിക്കുകയുണ്ടായി.

മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടത് റാപ്പര്‍ വേടനെയാണ്. ഇന്‍ഡിപ്പെന്‍ഡന്റ് മ്യൂസിക്കിലൂടെ ശ്രദ്ധ നേടിയ ഹിരണ്‍ദാസ് മുരളിയെന്ന വേടന് ലഭിച്ച പുരസ്‌കാരം രാഷ്ട്രീയ അടയാളപ്പെടുത്തലായിട്ടാണ് പലരും കണക്കാക്കുന്നത്. തന്റെ വരികളിലൂടെ സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ പോരാടുന്ന ഗായകനാണ് വേടന്‍.

എന്നാല്‍ വേടന് ലഭിച്ച പുരസ്‌കാരം ചിലരെ അലോസരപ്പെടുത്തിയിരിക്കുകയാണ്. വേടന്‍ പറയുന്ന രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. മലയാള സിനിമയില്‍ കാലങ്ങളായി പാട്ടെഴുത്തില്‍ പിന്തുടര്‍ന്ന് പോന്ന രീതികളെ തച്ചുടച്ച വേടന്റെ പാട്ടിനോട് ഇക്കൂട്ടര്‍ക്ക് യോജിക്കാനാകുന്നില്ലെന്ന തരത്തിലാണ് പല പോസ്റ്റുകളും.

വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഗിരീഷ് പുത്തഞ്ചേരി, റഫീക് അഹമ്മദ് എന്നിവര്‍ പിന്തുടര്‍ന്ന് പോന്ന പാട്ടെഴുത്തിന്റെ ഏഴയലത്തെത്താത്ത പാട്ടിന് അവാര്‍ഡ് നല്കി എന്നാണ് പല പോസ്റ്റുകളും. ‘കുതന്ത്ര മന്ത്രമൊന്നും അറിയില്ലടാ, കുടിച്ച കള്ള് കള്ളമൊന്നും പറയില്ലടാ’ എന്ന വരി മാത്രമെടുത്ത് ‘വയലാര്‍ എഴുതുമോ ഇതുപോലെ’ എന്നാണ് പലരും പോസ്റ്റ് പങ്കുവെച്ചത്.

‘ശുദ്ധ സംഗീതം മരിച്ചിട്ടില്ല’, ‘മലയാളസിനിമയിലെ ഗാനരചനാ മേഖലയില്‍ ഇത്രയും ദാരിദ്ര്യമുണ്ടെന്ന് ഇപ്പോള്‍ മനസിലായി’, ‘ശ്രീകുമാരന്‍ തമ്പിക്ക് ഇതുവരെ ലഭിക്കാത്ത അവാര്‍ഡ് വേടന് നല്കിയിരിക്കുന്നു’ എന്നിങ്ങനെ വേടന് അവാര്‍ഡ് നല്കിയതിനെതിരെ പലരും ഉറഞ്ഞുതുള്ളുകയാണ്. സംഘപരിവാര്‍ അനുകൂലിയായ ശ്രീജിത് പണിക്കര്‍, അനില്‍ നമ്പ്യാര്‍ എന്നിവരും വേടന് അവാര്‍ഡ് നല്കിയതിനെ പരിഹസിക്കുന്നുണ്ട്.

‘ലവന്റെ തൊലിഞ്ഞ കുപ്പായത്തിനാണ് മികച്ച ഗാനരചനക്കുള്ള പുരസ്‌കാരം, പി. ഭാസ്‌കരനെയും ഒ.എന്‍.വിയെയും വയലാറിനെയും ഗിരീഷ് പുത്തഞ്ചേരിയെയും റഫീക് അഹമ്മദിനെയും അപമാനിക്കുകയാണല്ലോ’ എന്നാണ് അനില്‍ നമ്പ്യാര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ‘മികച്ച ഗാനരചനാ അവാര്‍ഡിന് അര്‍ഹമായ വരികള്‍, പിടിച്ചതെല്ലാം പുലിവാല് ടാ, കാണ്ടാമൃഗത്തിന്റെ തോല് ടാ, അര്‍ത്ഥസമ്പുഷ്ടമായ വരികള്‍ ടാ, പ്രകാശ് രാജേ മികച്ച അവാര്‍ഡ് ടാ’ എന്നാണ് ശ്രീജിത് പണിക്കര്‍ പോസ്റ്റില്‍ കുറിച്ചത്.

എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ക്ക് താഴെ വേടനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും. ആളുകള്‍ക്ക് കൃത്യമായി മനസിലാകുന്ന രീതിയില്‍ ശക്തമായ രാഷ്ട്രീയം പറയുന്ന വരികളാണ് വേടന്റെ പാട്ടുകളിലെന്ന് പലരും അഭിപ്രായപ്പെട്ടു.

‘പെരിയാറിന്‍ അരുമകളല്ലേ, കാല്‍ തൊടും മണ്ണെല്ലാം മലിനമല്ലേ, അടയാളങ്ങള്‍ ഉടഞ്ഞവരല്ലേ, ശ്വസിച്ചതെല്ലാം പുക പടലമല്ലേ’ ഏലൂരിലെ ഫാക്ടറി കാരണമുണ്ടായ മലിനീകരണത്തില്‍ വളരേണ്ടി വന്ന തലമുറയുടെ വേദന ഇതിലും ശക്തമായി ആര്‍ക്കും പറയാനാകില്ല’, ‘ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ, കൂടെ പിറക്കാതെ പിറന്നവര്‍ തുണയുണ്ടല്ലോ’ എന്ന വരിയൊക്കെ ഇതേ പാട്ടില്‍ തന്നെയാണ്’ എന്നിങ്ങനെയാണ് വേടനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകള്‍.

വേടന്റെ പാട്ടുകളില്‍ ജാതിവിവേചനത്തിനെതിരെ പറയുന്ന വരികള്‍ കേട്ട് പൊള്ളുന്നവര്‍ക്ക് അയാള്‍ നേടിയ പുരസ്‌കാരങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് ഇത്തരം വിമര്‍ശനങ്ങള്‍. എന്നാല്‍ എത്രത്തോളം വിമര്‍ശിച്ചാലും അയാള്‍ തന്റെ വരികളിലൂടെ സമൂഹത്തിലെ അസമത്വത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും.

Content Highlight: Sangh Parivar profiles reacts against Vedan’s State Award