വിജയ്‌യോടൊപ്പം അഭിനയിക്കാന്‍ വേണ്ടി ആ സൂപ്പര്‍സ്റ്റാറിന്റെ സിനിമ ഞാന്‍ വേണ്ടെന്നു വെച്ചു: സംഗീത
Entertainment
വിജയ്‌യോടൊപ്പം അഭിനയിക്കാന്‍ വേണ്ടി ആ സൂപ്പര്‍സ്റ്റാറിന്റെ സിനിമ ഞാന്‍ വേണ്ടെന്നു വെച്ചു: സംഗീത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th July 2025, 2:59 pm

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സംഗീത. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന സംഗീത ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സംഗീതയെ തേടിയെത്തിയിരുന്നു.

സംഗീത നായികയായെത്തിയ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു 1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാക. വിക്രമന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ്‌യായിരുന്നു നായകന്‍. വിജയ്‌യുടെ ആദ്യത്തെ സൂപ്പര്‍ഹിറ്റായിരുന്നു പൂവേ ഉനക്കാക. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംഗീത.

അജിത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം കാതല്‍ കോട്ടൈയുടെയും പൂവേ ഉനക്കാകയുടെയും കഥ ഒരുമിച്ചാണ് താന്‍ കേട്ടതെന്ന് സംഗീത പറഞ്ഞു. രണ്ട് കഥയും തനിക്ക് ഇഷ്ടമായെന്നും എന്നാല്‍ ഒന്ന് മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കുള്ളൂ എന്ന അവസ്ഥ വന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. വിജയ്‌യോടൊപ്പം അഭിനയിക്കാനായി താന്‍ കാതല്‍ കോട്ടൈ വേണ്ടെന്ന് വെച്ചെന്നും നടി പറയുന്നു. അവള്‍ വികടന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു സംഗീത.

പൂവേ ഉനക്കാക എന്ന സിനിമക്ക് വേണ്ടി അജിത് സാറിന്റെ സിനിമ ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാതല്‍ കോട്ടൈയുടെ കഥയും പൂവേ ഉനക്കാകയുടെ കഥയും ഒരേ സമയത്താണ് എന്റയടുത്തേക്ക് വന്നത്. രണ്ട് കഥകളും എനിക്ക് ഇഷ്ടമായി. പക്ഷേ, ഒന്ന് മാത്രമേ തെരഞ്ഞെടുക്കാന്‍ പറ്റുള്ളൂ എന്ന അവസ്ഥ വന്നു.

 

വിജയ് സാറിനോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ളതിനാല്‍ ഞാന്‍ പൂവേ ഉനക്കാക തെരഞ്ഞെടുത്തു. ആ സിനിമ സൂപ്പര്‍ഹിറ്റായി. കാതല്‍ കോട്ടൈയും ഹിറ്റായി. ആ സിനിമയുടെ കന്നഡ റീമേക്കില്‍ ഞാനായിരുന്നു നായിക. കന്നഡയിലും പടം വലിയ ഹിറ്റായി. 150 ദിവസത്തില്‍ കൂടുതല്‍ അവിടെ ഓടി. അതിന്റെ സക്‌സസ് സെലിബ്രേഷനൊക്കെ എനിക്ക് ഇന്നും ഓര്‍മയുണ്ട്,’ സംഗീത പറയുന്നു.

രജിനികാന്തിന്റെ ക്ലാസിക് ചിത്രം ദളപതിയോടൊപ്പം റിലീസായ സിനിമയാണ് പൂവേ ഉനക്കാക. ചിത്രം ഹിറ്റായതോടെ വിജയ്‌യെ ഇളയ ദളപതി എന്ന് ആരാധകര്‍ അഭിസംബോധന ചെയ്തുതുടങ്ങി. താരത്തിന്റെ കരിയറിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റായിരുന്നു പൂവേ ഉനക്കാക. എം. എന്‍. നമ്പ്യാര്‍, നാഗേഷ്, അഞ്ജു അരവിന്ദ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Sangeetha shares the shooting experience with Vijay in Poove Unakkaga movie