പ്രേമലുവിന് ശേഷം ബേസിലേട്ടന്റെയും ആ താരങ്ങളുടെയും കോളുകള്‍ വന്നു; ഞാന്‍ അവര്‍ പറഞ്ഞത് എക്‌സൈറ്റിങ്ങായി കേട്ടിരുന്നു: സംഗീത് പ്രതാപ്
Film News
പ്രേമലുവിന് ശേഷം ബേസിലേട്ടന്റെയും ആ താരങ്ങളുടെയും കോളുകള്‍ വന്നു; ഞാന്‍ അവര്‍ പറഞ്ഞത് എക്‌സൈറ്റിങ്ങായി കേട്ടിരുന്നു: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 12:46 pm

എഡിറ്ററായി സിനിമയിലേക്കെത്തി ഇന്ന് പ്രേമലുവെന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. ഇതിന് മുമ്പ് വിനീത് ശ്രീനിവാസന്റെ സിനിമയായ ഹൃദയത്തിലും ഗിരീഷ് എ.ഡിയുടെ സൂപ്പര്‍ ശരണ്യയിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

എങ്കിലും സംഗീത് ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമയാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. ഇപ്പോള്‍ റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേമലുവിന് ശേഷം തനിക്ക് വന്ന കോളുകളെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘പുതിയ സിനിമകളിലേക്ക് അവസരങ്ങള്‍ വരുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ആക്സെപ്റ്റബിളായ അല്ലെങ്കില്‍ നമുക്ക് ചെയ്യാന്‍ കഴിയുമെന്ന് കോണ്‍ഫിഡന്‍സ് തോന്നുന്ന അവസരങ്ങള്‍ വന്നിട്ടില്ല. നമുക്ക് കോണ്‍ഫിഡന്‍സാകുന്ന തരത്തിലല്ല ആ കോളുകള്‍.

പിന്നെ വരുന്ന കോളുകളില്‍ കൂടുതലും അവസരങ്ങള്‍ നല്‍കാന്‍ വേണ്ടിയുള്ളതല്ല. അതൊക്കെ ആളുകളുടെ സ്‌നേഹമറിയിച്ച് കൊണ്ടുള്ളതാണ്. സിനിമാ മേഖലയില്‍ നിന്ന് തന്നെ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടമായെന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ട്. അത് വലിയ അംഗീകാരം തന്നെയാണ്.

സിനിമ കണ്ട ശേഷം സൗബിക്കയും (സൗബിന്‍ ഷാഹിര്‍) ജൂഡേട്ടനും (ജൂഡ് ആന്തണി) വിളിച്ചിരുന്നു. പിന്നെ ഇന്നലെ ബേസിലേട്ടന്‍ വിളിച്ചു. ഒപ്പം റോഷന്‍ മാത്യുവും വിളിച്ചിരുന്നു. അങ്ങനെ നമ്മള്‍ കുറേനാളായി ഫോളോ ചെയ്തിരുന്നവരും റെസ്പെക്ട് ചെയ്തിരുന്നവരുമായ ആളുകള്‍ നമ്മളുടെ കഥാപാത്രങ്ങള്‍ കണ്ട് വിളിക്കുന്നത് വലിയ കാര്യമാണ്.

മുമ്പ് ഓരോരുത്തരും പ്രേമലുവിന്റെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യുന്നത് കാണുമ്പോള്‍ ഇവരൊക്കെ ആ സിനിമ കാണുമായിരിക്കുമോയെന്ന് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. അതില്‍ നിന്നും മാറി അവര്‍ പടം കണ്ട ശേഷം നമ്മളെ വിളിച്ചറിയിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.

അവരൊക്കെ വലിയ എക്‌സൈറ്റഡായിരുന്നു. ജൂഡേട്ടനെയും ബേസിലേട്ടനെയും എനിക്ക് മുമ്പ് പരിചയമുള്ളതാണ്. അവരുടെ പടത്തെ കുറിച്ച് നമ്മള്‍ എത്ര എക്‌സൈറ്റഡായാണോ സംസാരിക്കുന്നത് അതുപോലെ തന്നെയാണ് അവരും എന്നെ വിളിച്ച് സംസാരിച്ചത്. ആ സമയം ഞാന്‍ എക്‌സൈറ്റിങ്ങായി കേട്ടിരിക്കുകയായിരുന്നു,’ സംഗീത് പ്രതാപ് പറഞ്ഞു.


Content Highlight: Sangeeth Prathap Talks About phone Calls After Premalu Movie