ഡബ്ബിങ് സമയത്താണ് അത് തോന്നിയത്; അന്വേഷിപ്പിൻ കണ്ടെത്തുവിൽ പൃഥ്വി എത്തിയതിനെ കുറിച്ച് സംവിധായകൻ
Entertainment
ഡബ്ബിങ് സമയത്താണ് അത് തോന്നിയത്; അന്വേഷിപ്പിൻ കണ്ടെത്തുവിൽ പൃഥ്വി എത്തിയതിനെ കുറിച്ച് സംവിധായകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 12:18 pm

ടൊവിനോ തോമസ് നായകനായി എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത വ്യത്യസ്ത തരത്തിലുള്ള ത്രില്ലർ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സ്‌ സീനിൽ പൃഥ്വിരാജിന്റെ വോയിസ്‌ ഓവറിലൂടെയാണ് സിനിമ അവസാനിക്കുന്നത്. ചിത്രത്തിലേക്ക് പൃഥ്വിരാജ് എത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ഡാർവിൻ കുര്യാക്കോസ്.

സിനിമയുടെ ഡബ്ബിങ് സമയത്ത് താൻ തന്നെയാണ് പൃഥ്വിരാജിന്റെ പേര് നിർദ്ദേശിച്ചതെന്ന് ഡാർവിൻ പറയുന്നു.

പിന്നീട് തിരക്കഥാകൃത്ത് ജിനു എബ്രഹാം പൃഥ്വിയെ സമീപിച്ചെന്നും പൃഥ്വി സിനിമക്കായി ഡബ്ബ് ചെയ്‌തെന്നും ഡാർവിൻ പറയുന്നു. പോപ്പർ സ്റ്റോപ്പ്‌ മലയാളത്തോട് സംസാരിക്കുകയായിരുന്നു ഡാർവിൻ.

‘ആ വോയിസ്‌ ഓവർ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതാണ്. സിനിമയുടെ ഡബ്ബിങ് സമയത്ത് ജിനു സാറുമായിട്ട് ഇരിക്കുമ്പോഴാണ് ക്ലൈമാക്സിലെ ആ ഭാഗം ആര് ഡബ്ബ് ചെയ്യുമെന്ന് ഞങ്ങൾ ആലോചിച്ചത്. ഞാനാണ് രാജുവെന്ന ഓപ്ഷൻ പറഞ്ഞത്.

പിന്നെ ജിനു സാർ രാജുവിനെ വിളിച്ചു. രാജു ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിൽ ആയിരുന്നു.

അത് കഴിഞ്ഞ് ഫ്ലാറ്റിൽ ചെന്ന സമയത്ത് ഞങ്ങളുടെ സൗണ്ട് ടീമും ജിനു സാറും ചെന്ന് അത് സെറ്റ് ചെയ്യുകയായിരുന്നു,’ഡാർവിൻ കുര്യാക്കോസ് പറയുന്നു.

Content Highlight: Darvin Kuryakkose Talk About Prithviraj