ഹൃദയത്തില്‍ പ്രണവിനെ ഇടിച്ച സീന്‍; ഇന്നലെ ആ ട്രോള്‍ ലാലേട്ടന്‍ എനിക്ക് ഫോര്‍വേര്‍ഡ് ചെയ്തു: സംഗീത് പ്രതാപ്
Malayalam Cinema
ഹൃദയത്തില്‍ പ്രണവിനെ ഇടിച്ച സീന്‍; ഇന്നലെ ആ ട്രോള്‍ ലാലേട്ടന്‍ എനിക്ക് ഫോര്‍വേര്‍ഡ് ചെയ്തു: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd August 2025, 12:13 pm

ചുരുങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് സംഗീത് പ്രതാപ്. എന്നാല്‍ എഡിറ്ററായിട്ടാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നുവന്നത്.

2024ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടാന്‍ സംഗീതിന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ പ്രേമലുവാണ് സംഗീതിനെ ജനപ്രിയനാക്കിയത്.

പ്രണവ് മോഹന്‍ലാലിനൊപ്പം ഹൃദയം എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഹന്‍ലാലിനൊപ്പം തുടരും, ഹൃദയപൂര്‍വ്വം എന്നീ സിനിമകളിലും സംഗീത് അഭിനയിച്ചു.

ഹൃദയം സിനിമയില്‍ സംഗീത് പ്രണവിന്റെ കഴുത്തിന് കുത്തിപിടിക്കുന്ന സീന്‍ ഉണ്ടായിരുന്നു. ഹൃദയപൂര്‍വ്വം സിനിമയില്‍ മോഹന്‍ലാലിന്റെ കാലുപിടിച്ചു പൊക്കുന്ന സീനുമുണ്ട്. മോഹന്‍ലാല്‍ കുടുംബത്തോട് എന്തെങ്കിലും വൈരാഗ്യമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംഗീത് പ്രതാപ്.

ഹൃദയപൂര്‍വം സിനിമയില്‍ മോഹന്‍ലാലിന്റെ കാല്‍ പൊക്കിയെടുക്കുന്നുണ്ടെങ്കില്‍ പോലും അത് അദ്ദേഹത്തെ സഹായിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് നടന്‍ പറയുന്നത്. അല്ലാതെ ഹൃദയം സിനിമയിലെ പോലെ ഉപദ്രവിക്കുന്നതല്ലെന്നും ചിരിയോടെ സംഗീത് കൂട്ടിച്ചേര്‍ത്തു.

‘ഇന്നലെ ലാലേട്ടന്‍ എനിക്ക് വാട്‌സ്ആപ്പില്‍ ഒരു മെസേജയച്ചു. മുമ്പ് ഇറങ്ങിയ ഒരു ട്രോളായിരുന്നു അയച്ചത്. ഞാന്‍ പ്രണവിനെ ഇടിക്കുന്നതും, ‘എന്റെ പിള്ളേരെ തൊടുന്നോടാ’യെന്നും പറഞ്ഞ് ലാലേട്ടന്‍ എന്റെ കോളറിന് പിടിക്കുന്നതും ആയിരുന്നു ട്രോള്‍.

രണ്ടുംകൂടെ മിക്‌സ് ചെയ്തുള്ള ട്രോള്‍ ആയിരുന്നു എനിക്ക് ലാലേട്ടന്‍ അയച്ചത്. ആരോ അദ്ദേഹത്തിന് അയച്ചു കൊടുത്ത ട്രോള്‍ അദ്ദേഹം എനിക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയായിരുന്നു (ചിരി),’ സംഗീത് പ്രതാപ് പറയുന്നു.

ഒരു നടനെന്ന നിലയില്‍ തന്റെ ആദ്യ സിനിമയായിരുന്നു ഹൃദയമെന്നും അവിടെ നിന്നും മോഹന്‍ലാലിന്റെ മുന്നില്‍ വരെ താനെത്തിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം പ്രണവിനൊപ്പവും ഇപ്പോള്‍ മോഹന്‍ലാലിനൊപ്പവും നില്‍ക്കുമ്പോള്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും സംഗീത് പറയുന്നു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.


Content Highlight: Sangeeth Prathap Talks About Mohanlal’s Message