പത്ത് മണി കഴിഞ്ഞ് പുറത്തേക്ക് പോകണമെങ്കില്‍ വീട്ടില്‍ അനുവാദം ചോദിക്കണം, എല്ലാവര്‍ക്കും ഞാനും ഭാര്യയും ഇപ്പോഴും കുട്ടികളാണ്: സംഗീത് പ്രതാപ്
Malayalam Cinema
പത്ത് മണി കഴിഞ്ഞ് പുറത്തേക്ക് പോകണമെങ്കില്‍ വീട്ടില്‍ അനുവാദം ചോദിക്കണം, എല്ലാവര്‍ക്കും ഞാനും ഭാര്യയും ഇപ്പോഴും കുട്ടികളാണ്: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st September 2026, 12:38 pm

എഡിറ്ററെന്ന നിലയില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കുകയും പിന്നീട് അഭിനയിത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്ത അഭിനേതാവാണ് സംഗീത് പ്രതാപ്. 2024ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത് അഭിനേതാവെന്ന രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത് അതേ വര്‍ഷം പുറത്തിറങ്ങിയ പ്രേമലുവിലൂടെയാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലെ അമല്‍ ഡേവിസെന്ന കഥാപാത്രത്തിന് സെപറേറ്റ് ഫാന്‍ ബേസ് തന്നെയുണ്ട്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ ഓണത്തിന് തിയേറ്ററുകളിലെത്തിയ ബെത്‌ലഹേം കുടംബ യൂണിറ്റിലും കൈയടി വാരിക്കൂട്ടുന്ന പ്രകടനമാണ് സംഗീത് കാഴ്ചവെച്ചത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരനയ ജോയല്‍ എന്ന കഥാപാത്രമായാണ് സംഗീത് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ 200 കോടി ക്ലബ്ബിലും ബെത്‌ലഹേം സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ പങ്കാളിയെ കുറിച്ച് സംഗീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2023ല്‍ വിവാഹിതരായ ഇരുവരെയും ഇപ്പോഴും കുട്ടികളായാണ് വീട്ടുകാര്‍ കാണുന്നതെന്ന് പറയുകയാണ് താരം. ഇരുവരും മാതാപിതാക്കളാകാന്‍ പോകുന്നതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംഗീത്.

‘ഇപ്പോഴും വീട്ടില്‍ നിന്ന് പുറത്തേക്ക് പോകണമെങ്കില്‍ അച്ഛനോടും അമ്മയോടും ശരിക്കും ഞങ്ങള്‍ക്ക് അനുവാദം ചോദിക്കേണ്ടി വരാറുണ്ട്. രാത്രി ഒരു പത്ത് മണിക്ക് ശേഷം പുറത്ത് പോകുകയാണെങ്കില്‍ ഇപ്പോ പോവണോ എന്നെല്ലാം അച്ഛനും അമ്മയും ചോദിക്കും. പുറത്തേക്ക് വിടും എന്നാലും ചോദിക്കും. കല്യാണം കഴിഞ്ഞിട്ടും പിള്ളേരെ പോലെയാണ് രണ്ട് പേരുടെ ഫാമിലിയും നമ്മളെ നോക്കിക്കാണുന്നത്.

സംഗീതും പങ്കാളിയും. Photo: TOI

അങ്ങനെ ഒരു കുട്ടിയുടേത് പോലുള്ള ക്യാരക്ടറസ്റ്റിക്‌സ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും റിയല്‍ ലൈഫിലുണ്ട്. അത് വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഇപ്പോള്‍ ഞങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുകയാണ്. എനിക്ക് പണ്ട് പിള്ളേരെയൊന്നും വലിയ ഇഷ്ടമില്ലായിരുന്നു. അവരുടെ കരച്ചിലും ഒച്ചപ്പാടും ഒന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. ഒരു മൂന്ന് നാല് വയസ് പ്രായമുള്ള, നമ്മളോട് പ്രതികരിക്കുന്ന പ്രായത്തിലുള്ള കുട്ടികളെയാണ് എനിക്ക് ഇഷ്ടം,’ സംഗീത് പറയുന്നു.

 

ഷൂട്ടിന്റെ തിരക്കുകള്‍ക്കിടയിലും പങ്കാളിയുമായി സമയം കണ്ടെത്താന്‍ താന്‍ ശ്രമിക്കാറുണ്ടെന്ന് പറയുകയാണ് താരം. ‘കുട്ടി വയറ്റിലാണെങ്കിലും ഞാന്‍ സംസാരിക്കും. ഇപ്പോള്‍ ചവിട്ടാന്‍ എല്ലാം തുടങ്ങിയിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ കറക്ട് സമയത്ത് ചവിട്ട് കിട്ടും. അതെല്ലാം എനിക്ക് ഭയങ്കര ഇമോഷണലായി,’ സംഗീത് പ്രതാപ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Sangeeth Prathap talks about his wife and family