വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് സംഗീത് പ്രതാപ്. അഭിനയത്തോടൊപ്പം എഡിറ്റിങ് മേഖലയിലും തന്റെ കഴിവ് തെളിയിക്കാന്‍ സംഗീതിന് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ സംഗീത് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.
2024ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു സംഗീത് ചെയ്തിരുന്നത്. അമല്‍ ഡേവിസ് എന്ന ആ കഥാപാത്രം കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേമലു കണ്ട് സംവിധായകന്‍ ഫാസിലും സത്യന്‍ അന്തിക്കാടും തന്നെ വിളിച്ചതിനെ കുറിച്ച് പറയുകയാണ് സംഗീത് പ്രതാപ്. ഫാസില്‍ അന്ന് പറഞ്ഞ കാര്യങ്ങളൊക്കെ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു കാര്യമായാണ് കരുതുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
‘പ്രേമലു കണ്ടിട്ട് രാജമൗലി സാര്‍ എന്നെ കുറിച്ച് പറഞ്ഞതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്. എന്നാല്‍ പ്രേമലു കണ്ടിട്ട് ഫാസില്‍ സാര്‍ വിളിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും വിലപ്പെട്ട ഒന്നായാണ് ഞാന്‍ കരുതുന്നത്. അങ്ങനെ സൂക്ഷിക്കാന്‍ പറ്റുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പറഞ്ഞത്.
ഫാസില്‍ സാര്‍ വിളിച്ചത് എനിക്ക് ഏറെ സ്‌പെഷ്യലായ കാര്യമാണ്. പിന്നെ സത്യന്‍ സാറും പ്രേമലു കണ്ട ശേഷം സംസാരിച്ചിരുന്നു. അങ്ങനെ കുഞ്ഞുനാള്‍ മുതല്‍ക്ക് കണ്ട ചില ആളുകള്‍ നമ്മളെ വിളിച്ച് സംസാരിച്ചിട്ടുണ്ട്.
അവരെയൊന്നും കാണാന്‍ പറ്റുമെന്നോ അവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ പറ്റുമെന്നോ നമ്മള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. അങ്ങനെയുള്ളപ്പോഴാണ് നമ്മുടെ സിനിമ കണ്ടിട്ട് അവരുടെ വിളി വരുന്നത്. ഇപ്പോള്‍ സത്യന്‍ സാറിന്റെ ഹൃദയപൂര്‍വം എന്ന സിനിമയില്‍ അഭിനയിക്കാനും ചാന്‍സ് ലഭിച്ചു,’ സംഗീത് പ്രതാപ് പറയുന്നു.
Content Highlight: Sangeeth Prathap Talks About Faasil And Premalu Movie