എന്നില്‍ ആളുകള്‍ അമല്‍ ഡേവിസിനെ കാണരുതെന്ന് ആഗ്രഹിച്ചു; അവള്‍ എന്നെ വിളിക്കുന്നത് അമല്‍ സംഗു: സംഗീത് പ്രതാപ്
Entertainment
എന്നില്‍ ആളുകള്‍ അമല്‍ ഡേവിസിനെ കാണരുതെന്ന് ആഗ്രഹിച്ചു; അവള്‍ എന്നെ വിളിക്കുന്നത് അമല്‍ സംഗു: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th February 2025, 8:50 am

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ഹൃദയം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് സംഗീത് പ്രതാപ്. അഭിനയത്തോടൊപ്പം എഡിറ്റിങ് മേഖലയിലും തന്റെ കഴിവ് തെളിയിക്കാന്‍ സംഗീതിന് സാധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ സംഗീത് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2024ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു സംഗീത് ചെയ്തിരുന്നത്.

അമല്‍ ഡേവിസ് എന്ന ആ കഥാപാത്രം കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ബ്രൊമാന്‍സ് എന്ന തന്റെ ഏറ്റവും പുതിയ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്റെ ലുക്കിലോ പെര്‍ഫോമന്‍സിലോ മറ്റൊരു അമല്‍ ഡേവിസിനെ കാണരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സംഗീത്.

കൊച്ച് കുഞ്ഞുങ്ങള്‍ക്ക് മുതല്‍ അറുപത് വയസുള്ള അമ്മമാര്‍ക്ക് വരെ താന്‍ ഇപ്പോള്‍ പ്രേമലുവിലെ അമല്‍ ഡേവിസാണെന്നും സ്വന്തം വീട്ടില്‍ പോലും തന്റെ പേര് മാറിയെന്നും നടന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത് പ്രതാപ്.

‘എനിക്ക് ബ്രൊമാന്‍സ് എന്ന സിനിമയില്‍ ഒരു മൂക്കുത്തിയൊക്കെ ഉണ്ടായിരുന്നു. ആ സിനിമയിലേക്ക് വന്നപ്പോള്‍ അവര്‍ പറഞ്ഞതും ഞാന്‍ ആഗ്രഹിച്ചതും ഒന്ന് തന്നെയായിരുന്നു. എന്റെ ലുക്കിലും പെര്‍ഫോമന്‍സിലും മറ്റൊരു അമല്‍ ഡേവിസിനെ കാണരുത് എന്നതായിരുന്നു അത്.

മൂന്ന് വയസുള്ള കൊച്ച് കുഞ്ഞിന് മുതല്‍ അറുപത് വയസുള്ള അമ്മമാര്‍ക്ക് വരെ ഞാന്‍ അമല്‍ ഡേവിസാണ്. എന്റെ വീട്ടില്‍ പോലും എന്റെ സ്വന്തം പേര് പോയി. എന്റെ വൈഫ് എന്നെ വിളിക്കുന്നത് അമല്‍ സംഗു എന്നാണ്.

അമല്‍ എന്ന പേര് അച്ഛന്റെ പേരുപോലെ കൂടെ കൂടിയിരിക്കുകയാണ് (ചിരി). അത് ബ്രേക്ക് ചെയ്യുക എന്നതാണ് ഒരു നടന്‍ എന്ന നിലയില്‍ എന്റെ ആഗ്രഹം. അതും തത്കാലത്തേക്കാണ്. പ്രേമലുവിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ വീണ്ടും അമല്‍ ഡേവിസ് ആകേണ്ടി വരും,’ സംഗീത് പ്രതാപ് പറയുന്നു.

Content Highlight: Sangeeth Prathap Talks About Amal Devis In Premalu