ഷൂട്ടിനിടയിൽ വയ്യാതായാൽ, ആരോഗ്യത്തെക്കാൾ ചിലർക്ക് ആശങ്ക ഷൂട്ട് തീ‍രുമോയെന്ന്; സത്യൻ അന്തിക്കാട് വ്യത്യസ്തൻ: സം​ഗീത് പ്രതാപ്
Malayalam Cinema
ഷൂട്ടിനിടയിൽ വയ്യാതായാൽ, ആരോഗ്യത്തെക്കാൾ ചിലർക്ക് ആശങ്ക ഷൂട്ട് തീ‍രുമോയെന്ന്; സത്യൻ അന്തിക്കാട് വ്യത്യസ്തൻ: സം​ഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th October 2025, 9:23 pm

ഹൃദയപൂർവ്വത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാടിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് പ്രതാപ്.

‘മലയാള സിനിമയിൽ ഒരു ട്രേഡ്മാർക്കാണ് സത്യൻ അന്തിക്കാട്. അങ്ങനെ ഒരു സംവിധായകന്റെ സിനിമയിൽ ഭാഗമാവുക എന്നത് തന്നെയാണ് വലിയ കാര്യം. പിന്നീട്, സെറ്റിൽ വെച്ച് പനി വന്നപ്പോൾ ഓടിവന്ന് ‘ജെറീ, നമുക്ക് പാക്കപ്പ് ചെയ്യാം’ എന്ന് പറഞ്ഞതും എനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞിട്ടുകൂടി ‘ഇവിടെയാർക്കും അത്ര അത്യാവശ്യമൊന്നുമില്ല’ എന്ന് പറഞ്ഞ് നേരത്തേതന്നെ ഷൂട്ട് പാക്കപ്പ് ചെയ്തതുമൊക്കെ ഓർക്കുമ്പോൾ അത്ഭുതം തന്നെയാണ്.

കാരണം മറ്റ് പലരോടുമൊന്നിച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെയൊക്കെ ഷൂട്ടിനിടയിൽ വയ്യാതായാൽ, നമ്മുടെ ആരോഗ്യത്തെക്കാളുപരി പലരുടെയും ആദ്യത്തെ ആശങ്ക ഷൂട്ട് സമയത്ത് തീർക്കാൻ പറ്റില്ലേ എന്നതായിരിക്കും,’ സംഗീത് പറയുന്നു.

അവിടെയും സത്യൻ അന്തിക്കാട് എന്ന സംവിധായകൻ വേറിട്ടുനിൽക്കുന്നുവെന്നും സെറ്റിൽ എല്ലാവരെയും കഥാപാത്രത്തിന്റെ പേരാണ് വിളിച്ചിരുന്നതെന്നും സംഗീത് കൂട്ടിച്ചേർത്തു.

ഓരോ ഷോട്ടിലും എന്താണ് വേണ്ടതെന്ന കൃത്യമായ ധാരണയുള്ള സംവിധായകനാണ് അദ്ദേഹം. ഡയലോഗും എക്‌സ്‌പ്രെഷനും എങ്ങനെ, എത്ര മീറ്ററിൽ ചെയ്യണമെന്ന് കൃത്യമായി പറഞ്ഞുതരും. ഓരോ ചെറിയ പ്രകടനത്തെയും അഭിനന്ദിക്കാനും സത്യൻ അന്തിക്കാട് മടിക്കാറില്ലെന്നും സംഗീത് പറഞ്ഞു.

ഹ്യൂമർസെൻസ് താൻ പഠിച്ചത് അദ്ദേഹത്തിന്റെ പഴയ സിനിമകളിൽ നിന്നുമാണ്. പ്രേമലു കണ്ടിട്ടാണ് സത്യൻ അന്തിക്കാട് തന്നെ വിളിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.

എഡിറ്ററായി സിനിമാരംഗത്തേക്ക് പ്രവേശനം ചെയ്ത നടനാണ് സംഗീത്. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ സംഗീത് കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും അറിയപ്പെട്ടു. അവസാനമായി മോഹൻലാലിന്റെ കൂടെ ഹൃദയപൂർവ്വത്തിലും എത്തി. ജെറി എന്ന കഥാപാത്രമായിട്ടാണ് സംഗീത് ചിത്രത്തിലെത്തിയത്.

Content Highlight: Sangeeth Prathap Talking about Sathyan Anthikakd