എഡിറ്ററായി സിനിമയിലേക്കെത്തി അഭിനയത്തില്‍ നിറസാന്നിധ്യമായ നടനാണ് സംഗീത് പ്രതാപ്. ഹൃദയത്തിലൂടെ അഭിനയജീവിതം ആരംഭിച്ച സംഗീത് പ്രേമലുവിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. അമല്‍ ഡേവിസ് എന്ന കഥാപാത്രം കേരളത്തിന് പുറത്തും ചര്‍ച്ചയായി. പിന്നീട് ബ്രൊമാന്‍സ്, തുടരും എന്നീ ചിത്രങ്ങളിലും സംഗീത് തന്റെ സാന്നിധ്യമറിയിച്ചു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് റാവുത്തറിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും സംഗീത് സ്വന്തമാക്കി.
മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂര്‍വത്തില്‍ സംഗീതും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. മോഹന്‍ലാലും സംഗീതും തമ്മിലുള്ള കോമ്പിനേഷനാകും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് സത്യന്‍ അന്തിക്കാട് പല അഭിമുഖങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. ഹൃദയപൂര്‍വത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംഗീത്.
തുടരും സിനിമ ചെയ്ത് ഒരുവര്‍ഷത്തിന് ശേഷമാണ് താന്‍ ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തതെന്ന് സംഗീത് പറഞ്ഞു. ആദ്യത്തെ രണ്ട് ദിവസം തനിക്ക് മോഹന്‍ലാലിനോട് സംസാരിക്കാന്‍ പേടിയായിരുന്നെന്നും അടുത്ത് പോയില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. പിന്നീട് മോഹന്‍ലാല്‍ മുന്‍കൈയെടുത്താണ് തങ്ങള്‍ തമ്മില്‍ ഐസ്‌ബ്രേക്ക് നടന്നതെന്നും സംഗീത് പറയുന്നു.
‘ലാലേട്ടന്‍ ഇങ്ങോട്ട് വന്ന് കമ്പനിയാവുകയായിരുന്നു. പിന്നെ മിക്കദിവസവും ലാലേട്ടന്റെ കാരവാനിലായിരുന്നു ഞാന്‍. സത്യനങ്കിളും ലാലേട്ടനും കൂടെ അവരുടെ പഴയ കഥകളൊക്കെ പറയും. ഞാനിതൊക്കെ കേട്ടുകൊണ്ടിരിക്കും. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ അനുഭവങ്ങളായിരുന്നു അതൊക്കെ. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ എനിക്ക് ലാലേട്ടനോട് എന്തും പറായമെന്ന രീതിയായി.
ഒരുദിവസം ഷൂട്ട് തീരാന്‍ ഒരുപാട് വൈകി. എനിക്ക് നല്ല വിശപ്പ് തോന്നി. ‘ലാലേട്ടാ, എനിക്ക് നല്ലവണ്ണം വിശക്കുന്നുണ്ട്. ഇത് എപ്പോഴാണ് തീരുന്നത്’ എന്ന് ചോദിച്ചു. ‘മോനേ, എനിക്കും വിശക്കുന്നുണ്ട്’ എന്ന് പുള്ളി പറഞ്ഞു. പാക്കപ്പ് പറഞ്ഞതും ഞാന്‍ റൂമിലേക്ക് പോകാന്‍ നിന്നു. അപ്പോള്‍ ഒരു അസിസ്റ്റന്റ് വന്നിട്ട് ലാലേട്ടന്റെ കാരവനിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ എനിക്കുള്ള ഫുഡ് കാരവനിലേക്ക് വരുത്തിയിരിക്കുകയാണ്.
ഷൂട്ടിന്റെ ഇടക്ക് എനിക്ക് പനി വന്നു. പീരുമേടിലായിരുന്നു ഷൂട്ട്. അവിടത്തെ ഒരു ഡോക്ടര്‍ വന്നിട്ട് എന്നെ പരിശോധിച്ച് ഇന്‍ജക്ഷന്‍ തന്നു. ലാലേട്ടന്റെ റൂമിലായിരുന്നു ഞാന്‍ കിടന്നത്. എനിക്ക് ആ സമയത്ത് ഷൂട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്റെ അടുത്ത് വന്നിരുന്ന് എന്നെ തലോടി. എന്നെ അങ്ങനെയാണ് അദ്ദേഹം കെയര്‍ ചെയ്തത്.
കുട്ടിക്കാലം തൊട്ട് ആരാധിക്കുന്ന മനുഷ്യന്റെ ആ തലോടലില്‍ എനിക്ക് ഒരു അച്ഛന്റെ കരുതല്‍ ഫീല്‍ ചെയ്തു. ‘ലാല്‍ ഇതുപോലെ ആരെയെങ്കിലും നോക്കിയിട്ടുണ്ടെങ്കില്‍ അത് ആന്റണിയെയാണ്’ എന്ന് സത്യനങ്കിള്‍ പറഞ്ഞ കമന്റ് ഞാന്‍ ഒരിക്കലും മറക്കില്ല,’ സംഗീത് പ്രതാപ് പറയുന്നു.
Content Highlight: Sangeeth Prathap shares the shooting experience with Mohanlal in Hridayapoorvam