ഡബ്ല്യു.സി.സി അന്ന് ആക്ടീവ് ആയിരുന്നു; ഹേമ കമ്മീഷൻ റിപ്പോർട്ട് എവിടെ? ഞാനൊക്കെ മൊഴി കൊടുത്തതാണ്: സാന്ദ്ര തോമസ്
Entertainment
ഡബ്ല്യു.സി.സി അന്ന് ആക്ടീവ് ആയിരുന്നു; ഹേമ കമ്മീഷൻ റിപ്പോർട്ട് എവിടെ? ഞാനൊക്കെ മൊഴി കൊടുത്തതാണ്: സാന്ദ്ര തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th June 2023, 8:05 pm

തുടക്ക കാലത്ത് ഡബ്ല്യു.സി.സി വളരെ ആക്റ്റീവ് ആയിരുന്നെന്നും ഇപ്പോൾ ആക്ടീവായി കാണാറില്ലെന്നും നടി സാന്ദ്ര തോമസ്. ഹേമ കമ്മീഷൻ മുൻപാകെ താൻ മൊഴി കൊടുത്തിട്ടുണ്ടായിരുന്നെന്നും റിപ്പോർട്ട് ഇപ്പോഴും പുറത്തുവരാത്തതെന്താണെന്നും സാന്ദ്ര ചോദിച്ചു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.

‘ഡബ്ല്യു.സി.സി തുടക്ക കാലത്ത് വളരെ ആക്ടീവ് ആയിരുന്നു. എന്നാൽ ഇപ്പോൾ അവരെ അങ്ങനെ ആക്റ്റീവ് ആയി ഞാൻ കാണാറില്ല. നേരത്തെ ഫേസ്ബുക് പോസ്റ്റ് ഒക്കെ കാണാറുണ്ടായിരുന്നു. ഇപ്പോൾ അതൊന്നും ഇല്ല. ഹേമ കമ്മീഷൻ അവർ കൊണ്ടുവന്നെങ്കിലും, റിപ്പോർട്ട് എവിടെ? ഞാനൊക്കെ പോയി മൊഴി കൊടുത്തതാണ്, ആ റിപ്പോർട്ട് പുറത്തുകൊണ്ടുവരേണ്ടത് ഡബ്ല്യു.സി.സി ആണ്. ഈ സംഘടന പറഞ്ഞിട്ടാണ് ഇങ്ങനെ ഒരു റിപ്പോർട്ട് കൊണ്ടുവന്നത്, അപ്പോൾ ഇത് പുറത്ത്കൊണ്ടുവരേണ്ടത് അവരാണ്. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ എന്താണെന്ന് എല്ലാവർക്കും അറിയണം. ഈ അടുത്ത കാലത്തൊന്നും ഡബ്ല്യു.സി.സി സംഘടനാ ഒന്നും സംസാരിച്ച് കണ്ടതുമില്ല,’ സാന്ദ്ര തോമസ് പറഞ്ഞു.

ഒരു സംഘടനക്കകത്ത് നിന്നിട്ട് പോരാടുകയാണ് വേണ്ടതെന്നും പുറത്തു നിന്ന് മറ്റൊരു സംഘടനയിലൂടെ പോരാടുകയല്ല വേണ്ടതെന്നും സാന്ദ്ര പറഞ്ഞു. അത്തരത്തിലുള്ള പ്രവർത്തികൾ എളുപ്പമല്ലെന്നും അത് ശത്രുതയാണ് കൂടുതൽ ഉണ്ടാക്കുന്നതെന്നും സാന്ദ്ര പറഞ്ഞു.

‘ഒരു സംഘടനക്കകത്ത് നിന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. ആ സംഘടനക്കകത്ത് നമുക്ക് എതിരായിട്ടുള്ള കാര്യങ്ങളോട് പോരാടണം. അതല്ലാതെ പുറത്തുനിന്ന് സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു സംഘടന എന്ന രീതിയിൽ നിലകൊള്ളുകയും പ്രവർത്തിക്കുന്നതും എളുപ്പമല്ല. അത് ശത്രുതയാണ് കൂടുതലും ഉണ്ടാക്കുന്നത്. നമുക്ക് ശത്രുതയല്ലല്ലോ വേണ്ടത്. ഒരുമിച്ച് നിന്ന് കാര്യങ്ങൾ നേടി എടുക്കണം,’ സാന്ദ്ര പറഞ്ഞു.

2019 ൽ ഹേമ കമ്മീഷൻ റിപ്പോർട്ട് ഡബ്ല്യു.സി.സി അംഗങ്ങൾ സർക്കാരിന് മുൻപാകെ സമർപ്പിച്ചതാണ് എന്നാൽ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Content Highlights: Sandra thomas on Hema Commission report