പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലുള്ളപ്പോഴല്ല വിറ്റഴിക്കേണ്ടത്, ലാഭത്തിലുള്ളപ്പോഴാണ് നല്ല വില കിട്ടുക: സന്ദീപ് വാര്യര്‍
Kerala News
പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലുള്ളപ്പോഴല്ല വിറ്റഴിക്കേണ്ടത്, ലാഭത്തിലുള്ളപ്പോഴാണ് നല്ല വില കിട്ടുക: സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd February 2021, 8:41 am

കോഴിക്കോട്: പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലുള്ളപ്പോഴല്ല ലാഭത്തിലുള്ളപ്പോഴാണ് വില്‍ക്കേണ്ടതെന്ന് ബി.ജെ.പി വക്താവായ സന്ദീപ് വാര്യര്‍. ബജറ്റുമായി ബന്ധപ്പെട്ട മീഡിയാവണിന്റെ ചര്‍ച്ചയിലാണ് സന്ദീപ് വാര്യരുടെ പരാമര്‍ശം.

പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലുള്ളപ്പോഴല്ല വിറ്റഴിക്കേണ്ടത്, ലാഭത്തിലുള്ളപ്പോഴാണ് നല്ല വില കിട്ടുക അപ്പോഴാണ് വിറ്റഴിക്കേണ്ടത്, സന്ദീപ് വാര്യര്‍ പറഞ്ഞു.

കുറച്ച് മുന്‍പ് എയര്‍ ഇന്ത്യ വലിയ ലാഭത്തിലായിരുന്നുവെന്നും അന്ന് അത് വിറ്റഴിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യാമഹാരാജ്യത്തിന് ഇത്രയും കോടിയുടെ തുക ഭാരമുണ്ടാവില്ലായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറയുന്നു. നഷ്ടത്തിലുള്ളപ്പോള്‍ വിറ്റ് കഴിഞ്ഞാല്‍ എയര്‍ ഇന്ത്യക്ക് സംഭവിച്ചതുപോലുള്ള നഷ്ടം രാജ്യത്തിനും സംഭവിക്കുമെന്നും രാജ്യത്തിന്റെ പണമാണ് നഷ്ടപ്പെടുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ബി.എസ്.എന്‍.എല്‍ വില്‍ക്കാന്‍ പോവുകയാണെന്ന് ബി.ജെ.പി പറഞ്ഞിട്ട് വിറ്റില്ലെന്നും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും ചര്‍ച്ചയില്‍ ഇദ്ദേഹം പറയുന്നു.

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49ല്‍ നിന്ന് 74 ആക്കുമെന്നും ബി.പി.സി.എല്‍, ഐ.ഡി.ബി.ഐ ബാങ്ക്, രണ്ടു പൊതുമേഖല ബാങ്കുകള്‍, എല്‍.ഐ.സി എന്നിവ സ്വകാര്യവത്കരിക്കുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു.

ബജറ്റ് അവതരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 3500 കിലോമീറ്റര്‍ ദേശീയപാത വികസനം 3 ലക്ഷം കോടി ചെലവഴിച്ച് തമിഴ്നാട്ടില്‍ നടത്തുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം 65000 കോടി ചെലവഴിച്ച് കേരളത്തില്‍ നടപ്പാക്കും. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി കോറിഡോറിന് പ്രധാന്യം നല്‍കിയാണ് ചെയ്യുക.

675 കിലോമീറ്റര്‍ ദേശീയപാത വികസനം പശ്ചിമ ബംഗാളില്‍ 25000 കോടി ചെലവഴിച്ച് നടത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ പ്രഖ്യാപനം വന്നപ്പോള്‍ ബി.ജെ.പി എം.പിമാര്‍ കയ്യടിച്ചാണ് സ്വാഗതം ചെയ്തത്.

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 64180 കോടിയുടെ പാക്കേജാണ് ആരോഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്നും പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നും നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

കൊവിഡ് വാക്‌സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. അതേസമയം ബജറ്റ് അവതണം തുടങ്ങുന്നതിന് മുന്‍പായി പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. കര്‍ഷകസമരത്തെ ചൊല്ലിയായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sandeep Warrier says about Budjet 2021