ഈ തയ്യാറെടുപ്പ് ചൈനാ അതിര്‍ത്തിയില്‍ നടത്തിയിരുന്നെങ്കില്‍! കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍
farmers protest
ഈ തയ്യാറെടുപ്പ് ചൈനാ അതിര്‍ത്തിയില്‍ നടത്തിയിരുന്നെങ്കില്‍! കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd February 2021, 8:19 am

ന്യൂദല്‍ഹി : കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.  കര്‍ഷക പ്രതിഷേധം തടയാന്‍ നടത്തുന്ന ഈ തയ്യാറെടുപ്പ്  ചൈനാ അതിര്‍ത്തിയില്‍  നടത്തിയിരുന്നെങ്കില്‍, നമ്മുടെ പ്രദേശം കൈവശപ്പെടുത്തുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു എന്നാണ്  അദ്ദേഹം കേന്ദ്രത്തെ പരിഹസിച്ചത്.

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ വലിയ രീതിയിലുള്ള തയ്യാറെടുപ്പാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്.  കര്‍ഷക  പ്രതിഷേധത്തെ നേരിടാന്‍ ദല്‍ഹി പൊലീസ് സേനയില്‍ പുതിയ മാറ്റം വരുത്തിയിരുന്നു. കര്‍ഷകരെ തടയാനായി വാളുകളും ഷീല്‍ഡുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ വാളുകളും വടികളും ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നതെന്ന് പറഞ്ഞാണ് പുതിയ തീരുമാനം.

പ്രതിഷേധക്കാരെ പൊലീസുകാരില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന രീതിയിലാണ് വാളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ വാളുകളെക്കാള്‍ ഇരട്ടി നീളമുള്ളവയാണ് ഇവ.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: If this Govt had this kind of preparation for the China border as they have done to prevent farmers from protesting, prashant Bushan against Central Government and police