പൊരിച്ചൂ ട്ടാ; ജാനകിയ്ക്കും നവീന്‍ റസാഖിനും അഭിനന്ദനവുമായി സന്ദീപ് വാര്യര്‍
Kerala News
പൊരിച്ചൂ ട്ടാ; ജാനകിയ്ക്കും നവീന്‍ റസാഖിനും അഭിനന്ദനവുമായി സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 6:24 pm

കോഴിക്കോട്: ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനും അഭിനന്ദനവുമായി യുവമോര്‍ച്ചാ നേതാവും ബി.ജെ.പി വക്താവുമായ സന്ദീപ് വാര്യര്‍.

കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണെന്നും ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങളെന്നും സന്ദീപ് പറഞ്ഞു.

നേരത്തെ ജാനകിയ്ക്കും നവീനുമെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.


ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിടുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്റെയും ഡാന്‍സ് വീഡിയോ… പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്‌സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു…

അവരുടെ ഒരു ഇന്റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്‌തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..
NB : ഓഡിയോ പകര്‍പ്പവകാശ പ്രശ്‌നത്താല്‍ എഫ് ബി മ്യൂട്ട് ചെയ്തിരിക്കുന്നു

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sandeep Warrier Janaki Omkumar Naveen K Rasaq