പത്തനംതിട്ട: സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പത്തനംതിട്ടയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കേസെടുത്തത്.
സന്ദീപ് വാര്യരാണ് കേസിലെ ഒന്നാം പ്രതി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ അടക്കം 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ദുചൂഡനാണ് കേസിലെ രണ്ടാം പ്രതി. പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പ് ചേര്‍ത്താണ് കേസ്.
ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് പൊലീസ് കേസെടുത്തത്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടന്നത്. ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെയാണ് സംഭവസ്ഥലത്ത് സംഘര്‍ഷമുണ്ടായത്.
പൊലീസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കല്ലും തേങ്ങയുമെറിഞ്ഞാണ് പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന്റെ ജനല്‍ ചില്ല് തകര്‍ത്തത്. ആദ്യഘട്ടത്തിൽ ഓഫീസിന് മുന്നില്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്.
എന്നാല്‍ തേങ്ങ തീര്‍ന്നതിന് പിന്നാലെ പ്രവര്‍ത്തകര്‍ കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് മാര്‍ച്ച് പ്രതിഷേധത്തില്‍ അവസാനിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നിലേക്ക് എത്തിയത്.