ഇതാണോ ഫെമിനിസം? സ്പിരിറ്റിന്റെ കഥ ദീപിക പദുകോണ്‍ ലീക്ക് ചെയ്യിച്ചെന്ന ആരോപണത്തിന് പിന്നാലെ പേരെടുത്ത് പറയാതെ സംവിധായകന്റെ പോസ്റ്റ്
Entertainment
ഇതാണോ ഫെമിനിസം? സ്പിരിറ്റിന്റെ കഥ ദീപിക പദുകോണ്‍ ലീക്ക് ചെയ്യിച്ചെന്ന ആരോപണത്തിന് പിന്നാലെ പേരെടുത്ത് പറയാതെ സംവിധായകന്റെ പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 8:05 am

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. അനിമല്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഷൂട്ട് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചിത്രം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ച ദീപിക പദുക്കോണിനെ ചൊല്ലിയാണ് വിവാദങ്ങള്‍. താരത്തിന്റെ ഡിമാന്‍ഡുകള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ദീപികയെ മാറ്റുകയായിരുന്നു. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ പുതിയ നായിക.

എന്നാല്‍ തന്നെ മാറ്റിയതിന് പിന്നാലെ സ്പിരിറ്റിന്റെ കഥ ബോളിവുഡ് സിനിമാസെറ്റുകളില്‍ പി.ആര്‍. വര്‍ക്കര്‍മാരെ ഉപയോഗിച്ച് ദീപിക ലീക്ക് ചെയ്യിച്ചെന്ന് ആരോപണം ഉയര്‍ന്നു. ഇതിന് മറുപടിയായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക കുറിച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദീപികയുടെ പേരെടുത്ത് പറയാതെയാണ് സംവിധായകന്‍ പോസ്റ്റ് പങ്കുവെച്ചത്.

ഒരു ആര്‍ട്ടിസ്റ്റിനോട് കഥ പറയുമ്പോള്‍ അവരും സംവിധായകനും തമ്മില്‍ കഥ വെളിപ്പെടുത്തരുതെന്ന കരാര്‍ ഉണ്ടാകാറുണ്ടെന്ന് സന്ദീപ് പറയുന്നു. എന്നാല്‍ അത് ലംഘിക്കുന്നതിലൂടെ അവര്‍ എത്തരത്തിലുള്ള ആളാണെന്ന് വെളിപ്പെടുത്തുന്നുണ്ടെന്നും സന്ദീപ് പോസ്റ്റില്‍ കുറിച്ചു. പ്രായം കുറഞ്ഞ ഒരു ആര്‍ട്ടിസ്റ്റിനെ വെച്ച് കഥ ലീക്കാക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും സന്ദീപ് ചോദിക്കുന്നുണ്ട്.

ഇതാണോ ഫെമിനിസമെന്ന് ചോദിക്കുന്ന സന്ദീപ്, ഈ കഥ തന്റെ ഒരുപാട് വര്‍ഷത്തെ കഠിനാധ്വാനമാണെന്നും സിനിമയാണ് തന്റെ എല്ലാമെന്നും പറയുന്നു. നിങ്ങള്‍ക്ക് അത് മനസിലായില്ലെന്നും ഇനി ഒരിക്കലും മനസിലാകില്ലെന്നും പറഞ്ഞ് പോസ്റ്റ് അവസാനിപ്പിച്ച സന്ദീപ്, ‘ഖുംദക് മേം ബില്ലി ഖംബാ നേചേ’ (പൂച്ച തൂണില്‍ ദ്വാരമുണ്ടാക്കുന്നു) എന്ന പഴഞ്ചൊല്ലും പങ്കുവെച്ചു.

ഇതിന് പിന്നാലെ ദീപിക പദുകോണിന്റെ പോസ്റ്റുകള്‍ക്ക് താഴെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നടക്കുകയാണ്. ‘ചീപ്പ് പി.ആര്‍. വര്‍ക്ക്’, ‘ബോളിവുഡ് അവരുടെ യഥാര്‍ത്ഥ സ്വഭാവം കാണിച്ചു’, ‘ഇതാണോ ലേഡി സൂപ്പര്‍സ്റ്റാര്‍’, ‘ഇത്രക്ക് ഫ്രസ്റ്റ്രേഷന്‍ എന്തിനാണ്’ തുടങ്ങിയ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബോളിവുഡിലെ ഒന്നാം നമ്പര്‍ താരമായ ദീപികക്ക് ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് താരത്തെ സപ്പോര്‍ട്ട് ചെയ്തും പോസ്റ്റുകള്‍ വരുന്നുണ്ട്.

 

Content Highlight: Sandeep Reddy Vanga shared a post without mentioning the name of Deepika Padukone after the allegation of leaking the story of Spirit movie