പടക്കളം, ആലപ്പുഴ ജിംഖാന, ഫാലിമി എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സന്ദീപ് പ്രദീപ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സന്ദീപ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.
2019ല്‍ പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഭിനയിച്ച സന്ദീപ് പിന്നീട് ഏക് ദിന്‍ എന്ന സിനിമയില്‍ നായകനായി. എന്നാല്‍ ആ ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്യപ്പെട്ടില്ല.
2022ല്‍ അന്താക്ഷരി എന്ന സിനിമയില്‍ അഭിനയിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ചെയ്ത ഫാലിമി എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷമാണ് ആലപ്പുഴ ജിംഖാന, പടക്കളം എന്നീ സിനിമകളിലേക്ക് സന്ദീപ് എത്തുന്നത്.
ഇപ്പോള്‍ പടക്കളത്തിലെ വേഷം സന്ദീപിന് ഏറെ പ്രശംസകള്‍ നേടി കൊടുക്കുന്നുണ്ട്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ പടക്കളത്തിലേക്ക് കാസ്റ്റ് ചെയ്തത് എങ്ങനെയാണെന്ന് പറയുകയാണ് സന്ദീപ് പ്രദീപ്.
‘ആലപ്പുഴ ജിംഖാന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് പടക്കളം എന്റെ അടുത്ത് എത്തുന്നത്. ആ സിനിമയിലേക്ക് അവര് എന്നെ വിളിക്കുന്നത് എല്ലാരും കരുതും പോലെ ഫാലിമി കണ്ടിട്ട് അല്ലായിരുന്നു. അതാണ് സത്യത്തില്‍ എന്നെ ഏറ്റവും അത്ഭുതപെടുത്തിയത്.
ഫാലിമി അവര്‍ക്ക് എന്നില്‍ കോണ്‍ഫിഡന്‍സ് കൊടുത്ത സിനിമയാണ്. ഞാന്‍ മെയിന്‍ സ്ട്രീമിലേക്ക് വന്നു എന്ന കോണ്‍ഫിഡന്‍സ് അവര്‍ക്ക് നല്‍കിയത് ഫാലിമിയാണ്. അതിന് മുമ്പ് ഞാന്‍ ഏക് ദിന്‍ എന്നൊരു സിനിമയില്‍ അഭിനയിച്ചിരുന്നു.
അത് വളരെ കൊച്ചു പ്രായത്തില്‍ ചെയ്ത സിനിമയാണ്. പതിനെട്ടാം പടി സിനിമ ചെയ്ത സമയത്തെ പ്രായം എനിക്ക് ഓര്‍മയില്ല. കോളേജില്‍ സെക്കന്റ് ഇയര്‍ പഠിക്കുകയായിരുന്നു എന്ന് തോന്നുന്നു. 19 അല്ലെങ്കില്‍ 20 വയസിലാകും അത് ചെയ്തത്.
പതിനെട്ടാം പടി കഴിഞ്ഞ ഉടനെ ചെയ്ത സിനിമയാണ് ഏക് ദിന്‍. അതിന്റെ പ്രൊഡ്യൂസറാണ് ഷിബു ജി. സുശീലന്‍ എന്ന് പറയുന്ന ഷിബു ചേട്ടന്‍. ഫ്രൈഡേ ഫിലിം പ്രൊഡക്ഷന്‍ കണ്ട്രോളറാണ് അദ്ദേഹം.
അന്ന് ഈ സിനിമ വിജയ് ചേട്ടന്‍ (വിജയ് ബാബു) കണ്ടിരുന്നു. ആ സിനിമയില്‍ ഞാന്‍ നായകന്‍ ആയിരുന്നു. അത് കണ്ടപ്പോളാണ് എന്നെ പടക്കളത്തിലേക്ക് അവര്‍ ചിന്തിക്കുന്നത്. പിന്നെ ഫാലിമിയിലൂടെ ഞാന്‍ മെയിന്‍ സ്ട്രീമിലേക്ക് വന്നു.
അങ്ങനെയാണ് പടക്കളത്തിന് വേണ്ടി എന്നെ അദ്ദേഹം വന്ന് കാണുന്നത്. ആ കാര്യം ഞാന്‍ ഈ അടുത്താണ് അറിയുന്നത്. നിന്നെ ‘ഞാന്‍ ഫാലിമി കണ്ടിട്ടല്ല വിളിച്ചത്. ഏക് ദിന്‍ കണ്ടിട്ടാണ്’ എന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയായിരുന്നു,’ സന്ദീപ് പ്രദീപ് പറഞ്ഞു.
Content Highlight: Sandeep Pradeep Talks About Padakkalam Movie Casting