ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് സന്ദീപിന്റെ ആദ്യചിത്രമെങ്കിലും ബേസില്‍ ജോസഫ് നായകനായ ഫാലിമിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഈ വര്‍ഷത്തെ ഗംഭീര വിജയങ്ങളായ ആലപ്പുഴ ജിംഖാനയിലും പടക്കളത്തിലും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഫാലിമി എന്ന സിനിമയില്‍ സന്ദീപിനോടൊപ്പം ജഗദീഷും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ജഗദീഷിനെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്. തന്റെ അച്ഛനെ പോലെ തന്നെ ഉപദേശിക്കുന്ന ആളാണ് ജഗദീഷ് എന്ന് സന്ദീപ് പറയുന്നു. തന്നോട് ആരോഗ്യകാര്യം ശ്രദ്ധിക്കാന്‍ പറയുമെന്നും കൃത്യ സമയത്ത് എത്തിക്കഴിഞ്ഞാല്‍ പ്രോത്സാഹിപ്പിക്കുമെന്നും സന്ദീപ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് പ്രദീപ്.
‘എന്റെ അച്ഛനെ പോലെ ഉപദേശിക്കുന്ന ആളാണ് ജഗദീഷേട്ടന്‍. ഒരു ദിവസം ജഗദീഷേട്ടന്‍ എന്റെ അടുത്ത് ചോദിച്ചു ‘സന്ദീപ് എത്ര മണിക്കാണ് എഴുന്നേല്‍ക്കുന്നത്’ എന്ന്. ഞാന്‍ പറഞ്ഞു ഒരു പത്ത് മണിയൊക്കെ ആകുമെന്ന്. അത് പറ്റില്ല, നേരത്തെ എഴുന്നേല്‍ക്കണം, അതാണ് ശരിയെന്ന് അദ്ദേഹം എന്റെ അടുത്ത് പറഞ്ഞു.
ആരോഗ്യത്തിന്റെ കാര്യത്തിലും കൃത്യനിഷ്ഠയുടെ കാര്യത്തിലായാലും ജഗദീഷേട്ടന്‍ ഇപ്പോഴും ഭയങ്കരമായിട്ട് ശ്രദ്ധിക്കും. ഞാന്‍ കറക്ട് സമയത്ത് സെറ്റില്‍ എത്തിയാല്‍ എന്നെ അദ്ദേഹം നന്നായി മോട്ടിവേറ്റ് ചെയ്യും. അദ്ദേഹം ഭയങ്കര പവര്‍ഫുള്ളാണ്. അത് അദ്ദേഹത്തിന്റെ സംസാരത്തിലും നടപ്പിലുമെല്ലാം കാണാം. ഫുള്‍ എനര്‍ജിറ്റിക്കാണ്. ആ എനര്‍ജി നമുക്കും കിട്ടും,’ സന്ദീപ് പ്രദീപ് പറയുന്നു.