പോക്കിരി കണ്ടിട്ട് എനിക്ക് റൗഡി ആകാന്‍ തോന്നി; വിജയ്യെ പോലെ ഞാനും കര്‍ചീഫ് ഒക്കെ ഇട്ട് നടക്കും: സന്ദീപ് പ്രദീപ്
Entertainment
പോക്കിരി കണ്ടിട്ട് എനിക്ക് റൗഡി ആകാന്‍ തോന്നി; വിജയ്യെ പോലെ ഞാനും കര്‍ചീഫ് ഒക്കെ ഇട്ട് നടക്കും: സന്ദീപ് പ്രദീപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 7:34 am

ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് സന്ദീപിന്റെ ആദ്യചിത്രമെങ്കിലും ബേസില്‍ ജോസഫ് നായകനായ ഫാലിമിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഈ വര്‍ഷത്തെ ഗംഭീര വിജയങ്ങളായ ആലപ്പുഴ ജിംഖാനയിലും പടക്കളത്തിലും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഇപ്പോള്‍ സിനിമയുടെ സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്. ഇമോഷനുകള്‍ ഉണര്‍ത്തുന്നതാണ് ഒരു സിനിമയുടെ വിജയം എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് സന്ദീപ് പറയുന്നു. ചെറുപ്പത്തില്‍ പോക്കിരി സിനിമ കണ്ട് തനിക്ക് റൗഡി ആകാന്‍ തോന്നിയെന്നും വിജയ് ചെയ്തതുപോലെ കര്‍ചീഫ് ഇട്ടിട്ടായിരുന്നു താനും നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് പ്രദീപ്.

‘ഇമോഷനുകളെ ഉണര്‍ത്തുന്നതാണ് സിനിമയുടെ വിജയം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഫീല്‍ ഗുഡ് സിനിമ കണ്ടാല്‍ നമുക്ക് സന്തോഷം തോന്നണം, മാസ് സിനിമ കണ്ടാല്‍ നമുക്ക് ആ ഒരു എനര്‍ജി തോന്നണം. ഒരു മാസ് സിനിമ കണ്ടിട്ട് അയ്യോ വയ്യേ എന്ന് തോന്നിയാല്‍ അവിടെ ആ സിനിമ വര്‍ക്ക് ആകില്ല.

എനിക്കൊക്കെ ഞാന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ സിനിമ കാണാന്‍ തോന്നും, ഹാപ്പിയായി ഇരിക്കുമ്പോള്‍ സിനിമ കാണാന്‍ തോന്നും, അങ്ങനെ ഓരോ ഇമോഷനേയും നമുക്ക് സിനിമയായി കണക്ട് ചെയ്യാന്‍ കഴിയും. എന്റെ ജീവിതത്തില്‍ മൊത്തം സിനിമ അങ്ങനെയാണ് സ്വാധീനിക്കപ്പെട്ടിട്ടുള്ളത്. സിനിമയിലേക്ക് ഞാന്‍ വന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്.

ചെറുപ്പത്തിലൊക്കെ എനിക്ക് പോക്കിരി കണ്ടപ്പോള്‍ റൗഡി ആകാന്‍ തോന്നി. വിജയ് കാണിച്ചതുപോലെ ഞാനും കര്‍ചീഫ് ഒക്കെ ഇട്ട് നടക്കും. അങ്ങനെ മൊത്തത്തില്‍ സ്വാധീനം ഉണ്ടാക്കുന്ന മീഡിയമാണ് സിനിമ,’ സന്ദീപ് പ്രദീപ് പറയുന്നു.

Content Highlight: Sandeep Pradeep talks about influence of cinema