ഷോർട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് സന്ദീപിന്റെ ആദ്യചിത്രമെങ്കിലും ബേസിൽ ജോസഫ് നായകനായ ഫാലിമിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഈ വർഷത്തെ ഗംഭീര വിജയങ്ങളായ ആലപ്പുഴ ജിംഖാനയിലും പടക്കളത്തിലും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ബേസിൽ ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്. ഇരുവരും ഒരുമിച്ച് ഫാലിമിയിൽ അഭിനയിച്ചിരുന്നു. പണ്ട് താൻ ബേസിലിന് മെസേജ് അയച്ചിരുന്നുവെന്നും അതിന് അദ്ദേഹം തന്ന റിപ്ലെ ഇൻസ്പയറിങ് ആണെന്നും സന്ദീപ് പറയുന്നു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ് പ്രദീപ്.
‘ഞാൻ ഷോർട്ട് ഫിലിം ചെയ്തുകൊണ്ടിരുന്ന സമയത്താണ് ബേസിലേട്ടന്റെ ‘പ്രിയംവദ കാതരയാണോ’ എന്ന ഷോർട്ട് ഫിലിം ഇറങ്ങുന്നത്. അത് കഴിഞ്ഞ് ബേസിലേട്ടൻ കുഞ്ഞിരാമായണം ചെയ്തു. അത് കണ്ടപ്പോൾ ഷോർട്ട് ഫിലിം ചെയ്താൽ സിനിമയിൽ കയറാം എന്ന് എന്റെ മനസിൽ പതിഞ്ഞു.
അപ്പോൾ ഞാൻ ബേസിലേട്ടന് ‘ചേട്ടാ ഞാൻ സന്ദീപാണ്. ഇങ്ങനെ ഷോർട്ട് ഫിലിം എല്ലാം ചെയ്യാറുണ്ട്. എനിക്ക് എങ്ങനെയെങ്കിലും സിനിമയിൽ കയറണം’ എന്നൊക്കെ പറഞ്ഞ് ഒരു പാരഗ്രാഫ് മെസേജ് അയച്ചിട്ടുണ്ടായിരുന്നു. ‘എടാ നീ ഇങ്ങനെ ഹാർഡ് വർക്ക് ചെയ്താൽ മതി. സിനിമയിൽ കയറാൻ പറ്റും. ഓൾ ദി ബെസ്റ്റ് ബഡി’ എന്നൊക്കെ പറഞ്ഞിട്ട് ബേസിലേട്ടന് എനിക്ക് അന്ന് തന്നെ എനിക്ക് റിപ്ലെ ഒക്കെ തന്നു.
അന്നൊന്നും ബേസിലേട്ടന്റെ കൂടെ ഫാലിമി പോലൊരു സിനിമയിലെല്ലാം ഞാൻ അഭിനയിക്കുമെന്ന കാര്യം എനിക്കറിയില്ലായിരുന്നു. പിന്നെ ഞാൻ ബേസിലേട്ടനെ കണ്ടപ്പോൾ അന്ന് എനിക്ക് ഇങ്ങനെ മെസേജ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, ശേ ഒരു കാര്യവും ഇല്ലായിരുന്നുവെന്നെല്ലാം അദ്ദേഹം തമാശക്ക് പറഞ്ഞു. പക്ഷെ അന്ന് എനിക്ക് ആ മെസേജ് വളരെ ഇൻസ്പയറിങ് ആയിരുന്നു,’ സന്ദീപ് പ്രദീപ് പറയുന്നു.