ആ സിനിമയിലെ ഡയലോഗൊന്ന് അഭിനയിച്ച് കാണിച്ച് തരുമോ എന്ന് ചോദിച്ചു; ജഗദീഷേട്ടന്‍ എന്നെ ഞെട്ടിച്ചു: സന്ദീപ് പ്രദീപ്
Entertainment
ആ സിനിമയിലെ ഡയലോഗൊന്ന് അഭിനയിച്ച് കാണിച്ച് തരുമോ എന്ന് ചോദിച്ചു; ജഗദീഷേട്ടന്‍ എന്നെ ഞെട്ടിച്ചു: സന്ദീപ് പ്രദീപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 8:51 am

നിതീഷ് സഹദേവ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫാലിമി. ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഇപ്പോള്‍ ഫാലിമിയില്‍ ജഗദീഷിനൊപ്പം സെറ്റില്‍ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സന്ദീപ് പ്രദീപ്. കാക്കകുയില്‍ എന്ന സിനിമയിലെ ജഗദീഷിന്റെ ‘താക്കോല്‍ കയ്യിലില്ലല്ലോ’ എന്ന ഡയലോഗിന്റെ വലിയ ആരാധകനാണ് താനെന്നും സെറ്റില്‍ അദ്ദേഹത്തെ കാണുമ്പോള്‍ ആ ഡയലോഗൊക്കെ ഓര്‍ത്ത് തനിക്ക് ചിരിവരുമെന്നും സന്ദീപ് പറയുന്നു.

ആ ഡയലോഗൊന്ന് അഭിനയിച്ച് കാണിച്ച് തരുമോ എന്ന് ജഗദീഷിനോട് താന്‍ ചോദിച്ചെന്നും താന്‍ പറഞ്ഞിട്ട് അദ്ദേഹം ആ ഡയലോഗ് പറഞ്ഞ് അഭിനയിച്ച് കാണിച്ച് തന്നെന്നും അത് തനിക്ക് ഏറെ സന്തോഷം നല്‍കിയെന്നും നടന്‍ പറഞ്ഞു. നമ്മള്‍ സിനിമയില്‍ ഒരുപാട് കണ്ട് ആരാധിച്ച വ്യക്തി നമ്മള്‍ക്ക് വേണ്ടി അങ്ങനെ ചെയ്തുതരുന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. റെഡ്.എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജഗദീഷേട്ടന്റെ ‘താക്കോല്‍ കയ്യില്ലില്ലോ’ എന്ന ഡയലോഗിന്റെ വലിയ ഫാനാണ് ഞാന്‍. ഫാലിമിയുടെ സെറ്റില്‍ ജഗദീഷേട്ടനെ കാണുന്ന ദിവസം തൊട്ടേ അതൊക്കെ ആലോചിച്ചിട്ട് എനിക്ക് ചിരി വരും. ഒരു ദിവസം ഞാന്‍ ജഗദീഷേട്ടന്റെ അടുത്ത് ചോദിച്ചു ‘ ജഗദീഷേട്ടാ എനിക്ക് ഒരു ആഗ്രഹമുണ്ട്. അത് ഒന്ന് സാധിച്ച് തരുമോ’ എന്ന്. അപ്പോള്‍ ജഗദീഷേട്ടന്‍ ‘ ആ പറഞ്ഞോ സന്ദീപ്’ എന്ന് പറഞ്ഞു. പിന്നെ എനിക്ക് പേടിയായി തുടങ്ങി. ‘ജഗദീഷേട്ടാ എനിക്ക് താക്കോല്‍ കയ്യിലില്ലല്ലോ എന്ന ഡയലോഗ് ഒന്ന് അഭിനയിച്ച് കാണിച്ച് തരുവോ’ എന്ന് ചോദിച്ചു.

അപ്പോള്‍ പുള്ളി ഇങ്ങനെ സൈഡിലേക്ക് നോക്കി. ഞാന്‍ വിചാരിച്ചു മൈന്‍ഡ് ചെയ്യാതെ മാറിയതാണെന്ന്. പെട്ടന്ന് ജഗദീഷേട്ടന്‍ ആ ഡയലോഗ് പറഞ്ഞു. ഞാന്‍ ഞെട്ടി പോയി. പെട്ടന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായി. ആ ഒരു മൊമന്റില്‍ അങ്ങനെ ഒരു അനുഭവം എനിക്ക് ജഗദീഷേട്ടനുമായി ഉണ്ടായിട്ടുണ്ട്. ടി.വിയില്‍ കണ്ടിട്ട് നമ്മള്‍ അത്രയും ആരാധിച്ചിരുന്ന ആ ഡയലോഗും ആ മനുഷ്യനും നമ്മുടെ മുന്നില്‍ നമ്മള്‍ക്ക് വേണ്ടി പേര്‍സണലി അത് ചെയ്ത് തരികാ എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്,’ സന്ദീപ് പ്രദീപ് പറയുന്നു

Content Highlight: Sandeep Pradeep shares his experience of being on the sets with Jagadish in falimy movie