ഷോർട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് സന്ദീപിന്റെ ആദ്യചിത്രമെങ്കിലും ബേസിൽ ജോസഫ് നായകനായ ഫാലിമിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഈ വർഷത്തെ ഗംഭീര വിജയങ്ങളായ ആലപ്പുഴ ജിംഖാനയിലും പടക്കളത്തിലും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഇപ്പോൾ ആലപ്പുഴ ജിംഖാനയിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ തനിക്കുണ്ടാകാൻ പോകുന്ന ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് സംവിധായകൻ ഖാലിദ് റഹ്മാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സന്ദീപ് പറയുന്നു. ഒ.ടി.ടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെയും പരിക്കുകളെയും കുറിച്ച് ഖാലിദ് മുന്നറിയിപ്പ് നൽകിയിരുന്നു. ഏതൊരു അഭിനേതാവിനും ഖാലിദ് റഹ്മാന്റെ സിനിമയിൽ വർക്ക് ചെയ്യാൻ കഴിയുന്നത് ഒരു അത്ഭുതകരമായ അവസരമാണ്. അത് കേട്ടപ്പോൾ തന്നെ എനിക്ക് അത് വളരെ സന്തോഷം തോന്നി.
മുഴുവൻ ഗ്രൂപ്പും ഒരുമിച്ച് ജിമ്മിൽ പോകുമായിരുന്നു. അത് നല്ല രസമുള്ള കാര്യമായിരുന്നു. ഞങ്ങൾ ദിവസം മുഴുവൻ വ്യായാമം ചെയ്യും. വൈകുന്നേരങ്ങളിൽ ഞങ്ങൾ ബോക്‌സിങ്ങും പരിശീലിക്കും. ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത്, ഇത്രയൊക്കെ ചെയ്തിട്ടും അതൊന്നും ഞങ്ങൾ ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമായി കരുതിയിരുന്നില്ല എന്നതാണ്.
എനിക്ക് സ്പോർട്സിൽ വലിയ താത്പര്യമില്ലായിരുന്നെങ്കിലും, ഇടയ്ക്കിടെ ഞാൻ ഫ്രണ്ട്സിന്റെ കൂടെ ഫുട്ബോളോ ക്രിക്കറ്റോ അതുമല്ലെങ്കിൽ ബാഡ്മിന്റണൊക്കെ കളിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ബോക്സിങ് നല്ല രസമുള്ള ഒരു വെല്ലുവിളി ആയിട്ടാണ് എനിക്ക് തോന്നിയത്,’ സന്ദീപ് പ്രദീപ് പറയുന്നു.