ജോര്‍ദാനെതിരായ അര്‍ജന്റീനയുടെ മത്സരം ആരംഭിക്കുമ്പോള്‍ ലയണല്‍ മെസി പകരക്കാരുടെ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മെസി കളത്തിലിറങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ബൂട്ടുകളുടെ ലെയ്‌സ് കെട്ടുന്ന മെസിയെ കണ്ടപ്പോള്‍ സ്റ്റേഡിയത്തിലെ കാണികള്‍ സര്‍വ്വതും മറന്ന് ആര്‍ത്തുവിളിച്ചു!
ജോര്‍ദാന്‍ നായകനായ മൂസ അല്‍ തമാരി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ലോകം മെസിയുടെ തേരോട്ടത്തിന് വേണ്ടി മാത്രം കാതോര്‍ത്തിരിക്കുകയാണെന്ന് മൂസയ്ക്ക് അറിയാമായിരുന്നു.
ഏകപക്ഷീയമായ രീതിയില്‍ കീഴടങ്ങുവാനുള്ള മനസ്സ് മൂസയ്ക്ക് ഇല്ലായിരുന്നു. ‘ജോര്‍ദാനിയന്‍ മെസി’ എന്ന ഓമനപ്പേര് തനിക്ക് എങ്ങനെയാണ് കിട്ടിയത് എന്ന് മൂസ എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. അധികം വൈകാതെ അര്‍ജന്റീനയുടെ ഗോള്‍ വല കുലുങ്ങി! സ്‌കോര്‍ 2-1 എന്ന നിലയിലായി!
മൂസ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
”സൗദി അറേബ്യയിലും ഖത്തറിലുമൊക്കെ ധാരാളം പണമുണ്ട്. ഞങ്ങളുടെ സ്ഥിതി അതല്ല. ജോര്‍ദാന്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. ആ ജഴ്‌സി അണിയാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം…!”
എന്തായാലും ഒരു കാര്യം തീര്‍ച്ചയായിരുന്നു. മെസ്സിയെ അഴിഞ്ഞാടാന്‍ വിടരുത് എന്ന് ജോര്‍ദാന്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. സ്റ്റേഡിയം മെസിക്ക് വേണ്ടി കരഘോഷം മുഴക്കിയതിന് തൊട്ടുപിന്നാലെ മൂസ നേടിയ ഗോള്‍ അതിന്റെ വ്യക്തമായ സൂചനയായിരുന്നു!
മുന്‍ ഇംഗ്ലിഷ് ഓള്‍റൗണ്ടറായിരുന്ന ആന്‍ഡ്രൂ ഫ്‌ലിന്‍ഡോഫ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്-
”സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പന്തെറിയുമ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നത്. സച്ചിനെ പുറത്താക്കിയത് കൊണ്ട് മാത്രം ഞാന്‍ സംതൃപ്തനാകാറില്ല. ഫ്‌ലിന്‍ഡോഫ് മോശക്കാരനല്ല എന്ന് സച്ചിന് തോന്നണം. അപ്പോഴേ ആ വിക്കറ്റിന് പൂര്‍ണ്ണത കൈവരുമായിരുന്നുള്ളൂ…!”
ജോര്‍ദാനും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു. ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ആ കൊച്ചു രാജ്യത്തിന് സാക്ഷാല്‍ മെസിയെ ഇംപ്രസ് ചെയ്യുക എന്ന ഉദ്ദ്യേശം കൂടി ഉണ്ടായിരുന്നു!
മെസി കളി തുടങ്ങിയപ്പോള്‍ ജോര്‍ദാന്‍ ശരിക്കും വിയര്‍ത്തു. നിവൃത്തികേടുകൊണ്ട് അവര്‍ മെസിയെ ഫൗള്‍ ചെയ്തു. മെസിയെ തളക്കാന്‍ അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ജോര്‍ദാന്‍ കണ്ടില്ല!
പക്ഷേ അതുകൊണ്ടും മെസി മെരുങ്ങിയില്ല. ഫ്രീ കിക്കിലൂടെ മെസി സ്‌കോര്‍ ചെയ്തു! ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ക്ക് ഒന്നനങ്ങാന്‍ പോലും സാധിച്ചില്ല! പന്ത് വന്ന ദിശ പോലും അയാള്‍ അറിഞ്ഞില്ല!
ഏതാണ്ട് അര മണിക്കൂര്‍ മാത്രമാണ് മെസി കളിച്ചത്. അതിനുള്ളില്‍ അയാള്‍ വലിയ സ്വാധീനം സൃഷ്ടിച്ചു!
‘ഒരു വടക്കന്‍ വീരഗാഥ’ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. താന്‍ വലിയൊരു കളരി നിര്‍മ്മിച്ചതിനെപ്പറ്റി ആറ്റുംമണമേല്‍ കുഞ്ഞിരാമന്‍ വീമ്പ് പറയുമ്പോള്‍ പുത്തൂരം വീട്ടിലെ വലിയ കണ്ണപ്പന്‍ ചേകവര്‍ ഒരു മാസ് മറുപടി നല്‍കുന്നു.
ഒരുപാട് ജോര്‍ദാനികള്‍ കളി കാണാന്‍ എത്തിയിരുന്നു. യു.എസ്-ഇറാന്‍ സംഘര്‍ഷം മൂലം വിസ ലഭിക്കുന്നത് എളുപ്പമായിരുന്നില്ല. എന്നിട്ടും അവര്‍ കൂട്ടത്തോടെ സ്വന്തം ടീമിനെ പിന്തുണയ്ക്കാനെത്തി.
പക്ഷേ ഒരു ജോര്‍ദാന്‍ ആരാധകന്‍ പോലും ഈ തോല്‍വിയില്‍ നിരാശപ്പെടുന്നുണ്ടാവില്ല. മാജിക് വാന്‍ഡ് ചുഴറ്റുന്ന മെസിയെ നേരിട്ട് കാണാന്‍ സാധിച്ചത് മൂലമുള്ള നിര്‍വൃതിയിലായിരിക്കും അവര്‍…
Content Highlight: Sandeep Das writes about Lionel Messi performance in 2026 World Cup