സിക്കോയെ ദൈവമെന്ന് വിളിച്ച ജപ്പാന്‍ പത്രങ്ങള്‍ മാര്‍ട്ടിനെല്ലിയെ വിശേഷിപ്പിക്കുക 'പേടിസ്വപ്നം' എന്നായിരിക്കും!
FIFA World Cup 2026
സിക്കോയെ ദൈവമെന്ന് വിളിച്ച ജപ്പാന്‍ പത്രങ്ങള്‍ മാര്‍ട്ടിനെല്ലിയെ വിശേഷിപ്പിക്കുക 'പേടിസ്വപ്നം' എന്നായിരിക്കും!
സന്ദീപ് ദാസ്
Tuesday, 30th June 2026, 9:05 am

എട്ട് മാസങ്ങള്‍ക്കുമുമ്പാണ്. ജപ്പാനെതിരെയുള്ള സൗഹൃദ മത്സരം കളിക്കുന്നതിനുവേണ്ടി ബ്രസീല്‍ ഫുട്‌ബോള്‍ ടീം ടോക്കിയോയില്‍ എത്തിച്ചേര്‍ന്ന സമയം. അന്ന് ജപ്പാന്‍ നായകനായിരുന്ന തക്കൂമി മിനാമിനോ തന്റെ സഹതാരങ്ങളോട് ആഹ്വാനം ചെയ്തു

”ഇതൊരു ഫ്രണ്ട്‌ലി മത്സരമല്ല. ചരിത്രം സൃഷ്ടിക്കാനുള്ള നമ്മുടെ അവസരമാണ്…!”
ജപ്പാന്‍ ചരിത്രം എഴുതുക തന്നെ ചെയ്തു. കളിയുടെ ഒരു ഘട്ടത്തില്‍ ബ്രസീല്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. പക്ഷേ അതിനുപിന്നാലെ മൂന്ന് തവണ എതിരാളികളുടെ പോസ്റ്റിലേയ്ക്ക് നിറയൊഴിച്ച ജപ്പാന്‍ അത്ഭുത വിജയം നേടി

മത്സരം കഴിഞ്ഞതിനു ശേഷം ബ്രസീല്‍ സ്‌കിപ്പറായിരുന്ന കാസെമിറോ തുറന്നടിച്ചു

”കളിയുടെ രണ്ടാം പകുതിയില്‍ ബ്രസീല്‍ ഉറങ്ങുകയായിരുന്നു. ഇതുപോലുള്ള പിഴവുകള്‍ ഉണ്ടായാല്‍ ഒരു ലോകകപ്പോ കോപ്പാ അമേരിക്കയോ പോലും നഷ്ടപ്പെട്ടേക്കാം…!”

2026-ലെ ലോകകപ്പിലെ ബ്രസീലും ജപ്പാനും തമ്മിലുള്ള പോരാട്ടം കണ്ടുകൊണ്ടിരുന്നപ്പോള്‍ കാസെമിറോയുടെ ആ പഴയ പ്രസ്താവന മനസ്സില്‍ തെളിഞ്ഞിരുന്നു. കളിയുടെ ആദ്യ പകുതിയ്ക്ക് തിരശ്ശീല വീണപ്പോള്‍ ജപ്പാന്‍ 1-0 എന്ന മാര്‍ജിനില്‍ മുന്നിലായിരുന്നു. ഡാനിലോ കൈവിട്ടു കളഞ്ഞ ഒരു പന്താണ് ജപ്പാന്‍ ഗോളായി പരിണമിച്ചത്. ഒരു പിഴവിന് ലോകകപ്പ് തന്നെ പകരം നല്‍കേണ്ടിവന്നേക്കാം എന്ന കാസെമിറോയുടെ വാചകം ബ്രസീല്‍ ആരാധകരെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു.

അമ്പത്തിയാറാം മിനുറ്റില്‍ ഒരു ഗംഭീര ഹെഡ്ഡറിലൂടെ കാസെമിറോ ബ്രസീലിന് സമനില നേടിക്കൊടുത്തു. അപ്പോഴും ഒരു ചോദ്യം ബാക്കിയായിരുന്നു. ആരാണ് ബ്രസീലിന് വിജയം കൊണ്ടുവരുന്ന ഗോള്‍ നേടുക!?

മിനുട്ടുകള്‍ കടന്നുപോയി. ഫൈനല്‍ വിസില്‍ മുഴങ്ങാനുള്ള സമയമായി. അപ്പോള്‍ കാവല്‍ മാലാഖയെപ്പോലെ അവന്‍ അവതരിച്ചു-ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി! 2-1 എന്ന നിലയില്‍ ബ്രസീല്‍ ജയിച്ചുകയറി!

കഴിഞ്ഞ വര്‍ഷത്തെ സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ജപ്പാനോട് പരാജയപ്പെട്ടപ്പോഴും മാര്‍ട്ടിനെല്ലി തിളങ്ങിനിന്നിരുന്നു. അന്ന് മഞ്ഞപ്പടയുടെ രണ്ടാമത്തെ ഗോള്‍ നേടിയത് മാര്‍ട്ടിനെല്ലിയായിരുന്നു. പക്ഷേ കളിയുടെ അമ്പത്തിയേഴാം മിനുറ്റില്‍ അയാള്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടിരുന്നു! ജപ്പാന്‍ ബ്രസീലിനെ തോല്‍പ്പിക്കുന്നത് കണ്ട് ഒന്നും ചെയ്യാനാവാതെ മാര്‍ട്ടിനെല്ലി നിസ്സഹായനായി പുറത്തുനിന്നു!

ഇത് മാര്‍ട്ടിനെല്ലിയുടെ പ്രതികാരമാണ്! ഫ്രണ്ട്‌ലി മാച്ചിലെ അടിയ്ക്ക് ലോകകപ്പില്‍ തിരിച്ചടി!

ജപ്പാനിലെ സമുറായിമാരുടെ കഥകള്‍ വിശ്വപ്രസിദ്ധമാണ്. പടച്ചട്ടയും ഹെല്‍മറ്റും ധരിച്ച് പോരിനിറങ്ങിയിരുന്ന യോദ്ധാക്കളായിരുന്നു സമുറായിമാര്‍. അവര്‍ ഇരുകരങ്ങള്‍ കൊണ്ടും വാള്‍പ്പയറ്റ് നടത്തുമായിരുന്നു. ജപ്പാന്‍ ഫുട്‌ബോള്‍ ടീം അറിയപ്പെടുന്നത് ‘ബ്ലൂ സമുറായീസ് ‘എന്നാണ്!

ജപ്പാന്‍ ഫുട്‌ബോള്‍ ടീം

എതിരാളികളെ അരിഞ്ഞ് തള്ളുന്ന ഗെയിമാണ് ജപ്പാന്‍ കാഴ്ച്ചവെച്ചിരുന്നത്. യോഗ്യതാ റൗണ്ടിലെ 16 മത്സരങ്ങളില്‍ നിന്ന് 54 ഗോളുകളാണ് അവര്‍ വാരിക്കൂട്ടിയത്! അപരാജിതര്‍ എന്ന ഖ്യാതിയോടെയാണ് അവര്‍ ബ്രസീലിനെ നേരിടാനെത്തിയത്.

സമുറായിമാര്‍ കാനറിപ്പക്ഷികളുടെ ചിറകരിയുമെന്നാണ് ജപ്പാന്‍ ജനത പ്രതീക്ഷിച്ചത്. എന്നാല്‍ അവരുടെ വാള്‍ ഇപ്പോള്‍ ട്രിനിറ്റി നദിയിലേയ്ക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു! കാസിമിറോയും മാര്‍ട്ടിനെല്ലിയും ചേര്‍ന്ന് ആ വാള്‍ ചവിട്ടിയൊടിച്ചിരിക്കുന്നു

സിക്കോ

ജപ്പാന്‍ ഫുട്‌ബോളിനെ വളര്‍ത്തി വലുതാക്കുന്നതില്‍ ബ്രസീല്‍ ഇതിഹാസമായ സിക്കോ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹം അവിടെ ദീര്‍ഘകാലം പരിശീലക ജോലി ചെയ്തിരുന്നു. ജപ്പാന്‍ പത്രങ്ങള്‍ സിക്കോയെ ‘Kami-Sama’ എന്നാണ് വിളിച്ചത്. അതിന്റെ അര്‍ത്ഥം ദൈവം എന്നാണ്!

നാളെ ജപ്പാന്‍ പ്രസ് മാര്‍ട്ടിനെല്ലിയ്ക്കും ഒരു വിശേഷണം നല്‍കിയേക്കാം. അതിന്റെ മലയാള പരിഭാഷ ‘പേടിസ്വപ്നം’ എന്നായിരിക്കും

 

Content Highlight: Sandeep Das writes about Gabriel Martinelli performance against Japan in 2026 World Cup

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍