ഹർഷവർദ്ധൻ റാണെയും മാവ്ര ഹോകെയ്‌നും അഭിനയിച്ച റൊമാന്റിക് ഡ്രാമ ചിത്രം സനം തേരി കസം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരുന്നു. വാലന്റൈൻസ് ഡേ പ്രമാണിച്ച് തിയേറ്ററുകൾ റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ ലവ്‌യാപ, ബാഡാസ് രവികുമാർ തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളി സനം തേരി കസം റെക്കോർഡ് കളക്ഷൻ നേടുകയാണ്.
സനം തേരി കസത്തിന്റെ ആജീവനാന്ത കളക്ഷൻ റീ റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനകം ചിത്രം നേടി. ഒരു ബോളിവുഡ് റീ-റിലീസിന് ലഭിക്കുന്ന ഏറ്റവും വലിയ വാരാന്ത്യ കളക്ഷനാണ് ഇതോടെ സനം തേരി കസം നേടിയത്.
റിപ്പോർട്ടുകൾ പ്രകാരം സനം തേരി കസം കഴിഞ്ഞ ദിവസം 3-3.25 കോടി കളക്ഷൻ നേടി, ഇത് അക്ഷയ് കുമാർ നായകനായ സ്കൈ ഫോഴ്‌സ് ( 0.45 കോടി), ഷാഹിദ് കപൂർ ചിത്രം ദേവ ( 0.50 കോടി), ഹിമേഷ് രേഷ്മിയ നായകനായ ബാഡാസ് രവികുമാർ ( 0.60 കോടി), തമിഴ് ചിത്രം ലവ് ടുഡേയുടെ റീമേക്കായ ലവ്‌യാപ (0.60 കോടി) എന്നീ സിനിമകളുടെ അന്നേ ദിവസത്തെ ആകെ കളക്ഷനേക്കാൾ കൂടുതലാണ്. ഇതുവരെ സനം തേരി കസത്തിന്റെ മൊത്തം കളക്ഷൻ ഇതോടെ 20 കോടിയിലെത്തി.
രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിച്ച് 2016 ൽ സനം തേരി കസം റിലീസായപ്പോൾ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിക്കുകയിരുന്നു. തിയേറ്റർ റിലീസിന് ശേഷം സിനിമയെ പ്രശംസിച്ച് നിരവധി സിനിമ പ്രേമികളാണ് രംഗത്തെത്തിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.