സനലിന്റെ മരണം: നെയ്യാറ്റിന്‍കര എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്
kERALA NEWS
സനലിന്റെ മരണം: നെയ്യാറ്റിന്‍കര എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 9:09 pm

തിരുവനന്തപുരം: സനല്‍ മരിച്ച സംഭവത്തില്‍ എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എസ്.ഐ സന്തോഷ്‌കുമാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും സനലിന്റെ ജീവന്‍ രക്ഷിക്കാന്‍ നടപടി എടുത്തില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച അന്വേഷണത്തില്‍ കണ്ടെത്തി.

സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാലതാമസമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അപകടമുണ്ടായതിനെത്തുടര്‍ന്ന് സനലിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിലടക്കം എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. സനല്‍ മരിക്കാനിടയായ അപകടത്തിന് കാരണക്കാരനായ ഡി.വൈ.എസ്.പി ഹരികുമാര്‍ എസ്.ഐ സന്തോഷിനെ വിളിച്ചിരുന്നതായും സ്പെഷ്യല്‍ ബ്രാഞ്ച് പറയുന്നു.


വിഷയത്തില്‍ പൊലീസ് വീഴ്ച നേരത്തെ വ്യക്തമായിരുന്നു. അതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, ഡി.വൈ.എസ്.പി കാറിനു മുന്നില്‍ തള്ളിയിട്ടതിനു പിന്നാലെ പരിക്കേറ്റ സനലിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസുകാര്‍ വായില്‍ മദ്യമൊഴിച്ചു കൊടുത്തെന്ന് സനലിന്റെ സഹോദരി പറഞ്ഞിരുന്നു.

മദ്യം കഴിക്കാത്ത തന്റെ അനിയന്റെ വായില്‍ മദ്യമൊഴിച്ചു കൊടുത്തത് മനപൂര്‍വ്വം കേസ് വഴിതിരിച്ചുവിടാനാണെന്നും സനലിന്റെ സഹോദരി പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തെന്നറിഞ്ഞു. ഇത് അതില്‍ മാത്രമൊതുങ്ങുന്നതല്ല, വേറെയും ആളുകള്‍ പങ്കെടുത്തിട്ടുണ്ട്.” എന്നും അവര്‍ പറയുന്നു.

നവംബര്‍ അഞ്ചിന് രാത്രി 11 മണിയോടെയാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളിയിട്ടത്. വാഹനം തട്ടി ഗുരുതരമായി പരുക്കേറ്റ സനലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ സനല്‍ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു.


അതേസമയം, ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ തമിഴ്‌നാട്ടിലേയ്ക്ക് കടന്നുവെന്നാണ് സൂചന. മധുരയിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. ഡി.വൈ.എസ്.പിയുടെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫാണ്.