മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായിക ആവാന്‍ സംവൃതക്ക് എളുപ്പം സാധിച്ചു.
സംവൃത സുനിലിന്റെ മികച്ച പ്രകടനം കണ്ട സിനിമയായിരുന്നു ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തിയ അയാളും ഞാനും തമ്മില്‍. ഇപ്പോള്‍ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവൃത സുനില്‍. ചിത്രത്തിലെ ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ താന്‍ ഇമോഷണലാകുമെന്ന് സംവൃത സുനില്‍ പറയുന്നു.
താന്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുക്കുന്നത് ആ സിനിമക്ക് ശേഷമാണെന്നും നടി പറഞ്ഞു. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് താന്‍ തന്നെയെടുത്ത തീരുമാനം ആയിരുന്നെങ്കിലും അതൊട്ടും എളുപ്പമായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ചിത്രത്തിലെ പല ഇമോഷണല്‍ സീനെടുത്തപ്പോള്‍ താന്‍ ശരിക്കും കരയുകയായിരുന്നുവെന്നും സംവൃത വ്യക്തമാക്കി. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവൃത സുനില്‍.
‘അഴലിന്റെ ആഴങ്ങളില്‍ എന്ന പാട്ടിനെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഇമോഷണലാകും. വളരെ ഹെവിനെസ്സ് തരുന്ന ഒരു പാട്ടാണ് അത്. ആ പാട്ടിന് ശേഷമാണ് ഞാന്‍ എന്റെ കരിയറില്‍ നിന്ന് ബ്രേക്ക് എടുക്കുന്നത്. ആ പാട്ടും തീര്‍ത്ത്, ആയാലും ഞാനും തമ്മില്‍ സിനിമയുടെ സെറ്റില്‍ നിന്നാണ് ഞാന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് പോകുന്നത്.
ഞാന്‍ മനപൂര്‍വം എടുത്ത തീരുമാനം ആയിരുന്നെങ്കിലും അതെനിക്ക് ഒട്ടും ഈസി ആയിരുന്നില്ല. അതുകൊണ്ടുതന്നെ ആ സിനിമയിലെ പല സീനിലും ഞാന്‍ ശരിക്കും കരയുകയായിരുന്നു,’ സംവൃത സുനില്‍ പറയുന്നു.