ഞാനൊരു ബ്രേക്കിന് വേണ്ടി ആഗ്രഹിച്ചു; അയാളും ഞാനും തമ്മില്‍ സിനിമക്ക് ശേഷമുള്ള ബ്രേക്ക് മനപൂര്‍വം: സംവൃത
Entertainment
ഞാനൊരു ബ്രേക്കിന് വേണ്ടി ആഗ്രഹിച്ചു; അയാളും ഞാനും തമ്മില്‍ സിനിമക്ക് ശേഷമുള്ള ബ്രേക്ക് മനപൂര്‍വം: സംവൃത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th June 2025, 12:05 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചു.

അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, കോക്ക്‌ടെയില്‍, മാണിക്യക്കല്ല്, സ്വപ്ന സഞ്ചാരി, അരികെ, ഡയമണ്ട് നെക്ലേസ്, മിന്നാമിന്നിക്കൂട്ടം, മല്ലു സിംഗ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു.

2012ലാണ് സംവൃത അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് വിവാഹം കഴിഞ്ഞ നടി പങ്കാളിക്കൊപ്പം യു.എസിലേക്ക് താമസം മാറുകയായിരുന്നു. ആറ് വര്‍ഷത്തിന് ശേഷം മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെ തിരിച്ചുവരവ് നടത്തി.

തൊട്ടടുത്ത വര്‍ഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തി. ഇപ്പോള്‍ കരിയറില്‍ എടുത്ത ഈ ബ്രേക്കിനെ കുറിച്ച് പറയുകയാണ് സംവൃത സുനില്‍ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘2012ല്‍ ആയിരുന്നു അയാളും ഞാനും തമ്മില്‍ എന്ന സിനിമ ചെയ്യുന്നത്. അത് കഴിഞ്ഞതും ഞാന്‍ ഒരു ബ്രേക്കിന് വേണ്ടി ആഗ്രഹിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നത് കൊണ്ട് കുറച്ചുനാള്‍ ഫ്രീയായി ഇരിക്കണമെന്ന് ഉണ്ടായിരുന്നു.

ഒരേവര്‍ഷം തന്നെ കുറേ സിനിമകള്‍ ചെയ്തിരുന്നു. തിരക്കുള്ള ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയ സമയത്ത് തന്നെയാണ് എന്റെ കല്യാണം നടക്കുന്നത്. അങ്ങനെ ഞാന്‍ മനപൂര്‍വം എടുത്ത ബ്രേക്കായിരുന്നു അത്.

കല്യാണം കഴിച്ചിട്ട് പോകുന്നത് യു.എസിലേക്കായിരുന്നു. അവിടെയാണെങ്കില്‍ ആര്‍ക്കും എന്നെ അറിയില്ല. അത്രനാള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരു പ്രൈവറ്റ് ലൈഫ് എനിക്ക് അവിടെ പോയപ്പോഴാണ് കിട്ടിയത്.

അതുകൊണ്ട് തന്നെ ഞാന്‍ ഒരുപാട് സന്തോഷത്തിലായിരുന്നു. ആ സമയത്ത് വെറുതെ നടക്കാനും ഷോപ്പിങ്ങിന് പോകാനും കുക്കിങ് പരീക്ഷണങ്ങള്‍ നടത്താനുമൊക്കെ എനിക്ക് സാധിച്ചു. ജീവിതത്തിലെ അങ്ങനെയൊരു മോഡിലേക്ക് ഞാന്‍ വളരെ എളുപ്പത്തിലാണ് മാറിയത്.

എനിക്ക് ഒട്ടും പ്രയാസം തോന്നിയിരുന്നില്ല. ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ വളരെ ഈസി ആയിരുന്നു. പിന്നെ ആദ്യത്തെ കുട്ടി ഉണ്ടായതോടെ ഞാന്‍ ബിസിയായി. അവന്‍ വലുതായതോടെ സിനിമയില്‍ ഒരു കംബാക്ക് വേണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഒരു നീണ്ട ഇടവേളക്ക് ശേഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമ ചെയ്യുന്നത്,’ സംവൃത സുനില്‍ പറയുന്നു.


Content Highlight: Samvritha Sunil Talks About Her Career Break