സി.പി.ഐ.എം റാലിയിൽ സമസ്ത പങ്കെടുക്കും, ലീഗും പങ്കെടുക്കണം: ഉമർ ഫൈസി
Kerala News
സി.പി.ഐ.എം റാലിയിൽ സമസ്ത പങ്കെടുക്കും, ലീഗും പങ്കെടുക്കണം: ഉമർ ഫൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2023, 5:18 pm

കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സമസ്ത പങ്കെടുക്കുമെന്നും മുസ്‌ലിം ലീഗും പങ്കെടുക്കണമെന്നും സമസ്ത നേതാവ് ഉമർ ഫൈസി.

‘മുസ്‌ലിം ലീഗിന്റെ വാർത്ത ഞാൻ കണ്ടു. ഇ.ടിയുടെയും സലാമിന്റെയുമൊക്കെ വാർത്ത കണ്ടു. അനുകൂലമായ നിലപാടാണെന്ന് തന്നെയാണ് മനസിലാക്കുന്നത്. പിന്നെ പാർട്ടി തീരുമാനിക്കണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഒരു ചടങ്ങായിട്ട് അത് നടക്കും,’ ഉമർ ഫൈസി പറഞ്ഞു.

ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ശശി തരൂറിന്റെ പ്രസ്താവനയിൽ പാകപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അത് കോൺഗ്രസും ലീഗും തിരുത്തൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ഒരുമിച്ച് കൂടുന്നത് പ്രയാസകരമായിരിക്കും എന്നുള്ളത് കൊണ്ടാണ് ജില്ലാ തലത്തിലേക്ക് ഫലസ്തീൻ ഐക്യ സമ്മേളനം ചുരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ആര് സമ്മേളനം നടത്തിയാലും അതിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആളെക്കൂട്ടി ഷോ നടത്തുന്നതിലല്ല നിലപാടാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സി.പി.ഐ.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ രൂപപ്പെട്ട സാഹചര്യത്തിൽ ചർച്ച ചെയ്ത് ശനിയാഴ്ച തീരുമാനം ഉണ്ടാകുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു.

റാലിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നേതാക്കൾ തമ്മിൽ കൂടിയാലോചന നടക്കുകയാണ്. സി.പി.ഐ.എം ക്ഷണിച്ചാൽ റാലിയിൽ പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ്‌ ബഷീർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ലീഗ് യു.ഡി.എഫിന്റെ കൂടെയാണെന്നും ലീഗ് നിലപാട് പാർട്ടി തീരുമാനിക്കുമെന്നും ഡോ. എം.കെ. മുനീർ പറഞ്ഞു.

വ്യക്തിപരമായ തീരുമാനമല്ല പ്രധാനമെന്നും ഇ.ടിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല എന്നുമായിരുന്നു മുനീർ പറഞ്ഞത്‌. അതേസമയം ഇ.ടി. പറഞ്ഞത്‌ പാർട്ടിക്കുള്ളിലെ പൊതു അഭിപ്രായമാണെന്നാണ് പി.എം.എ. സലാമിന്റെ നിലപാട്.

Content Highlight: Samastha will take part in CPIM Rally, Muslim league should also participate: Umar Faizi