മതസ്വാതന്ത്ര്യത്തിന് മേലുള്ള കോടാലിവെക്കല്‍; ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് ജിഫ്രി തങ്ങള്‍
Kerala News
മതസ്വാതന്ത്ര്യത്തിന് മേലുള്ള കോടാലിവെക്കല്‍; ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് ജിഫ്രി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th February 2022, 3:11 pm

കോഴിക്കോട്: കര്‍ണാടകയിലെ ക്യാമ്പസുകളിലെ ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത പ്രവാസി സെല്‍ സംസ്ഥാന നേതൃസംഗമത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

ഹിജാബ് ഇസ്‌ലാമിക വസ്ത്രത്തിന്റെ ഭാഗമാണ്. ഇഷ്ട വസ്ത്രം തെരഞ്ഞെടുക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ഹിജാബ് നിരോധനവും വിവാഹപ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളും മതസ്വാതന്ത്ര്യത്തിനുമേലുള്ള കോടാലിവെക്കലാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കൂടി തുടക്കം കുറിച്ച പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

ഹിജാബ് വിവാദം മുസ്‌ലിം പെണ്‍കുട്ടികളെ വീടകങ്ങളില്‍ തളച്ചിടാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഹിജാബ് ഇസ്‌ലാമിലുള്ളവരാണെന്ന് പറയുന്നവര്‍ ഗൂഢാലോചനക്കാരാണ്. മുസ്‌ലിം ലീഗ് തന്നെ ഇസ്‌ലാം വരുദ്ധനാക്കാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ഹിജാബ് ഇസ്‌ലാമിലുള്ളവരാണെന്ന് പറയുന്നവര്‍ ഗൂഢാലോചനക്കാരാണ്. മുസ്‌ലിം ലീഗ് തന്നെ ഇസ്‌ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഇസ്‌ലാം ചരിത്രത്തില്‍ നിന്നും വ്യക്തമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം, കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.