വിവാദ ദിവ്യനുമായി വിട്ടുനില്‍ക്കണമെന്ന് എപി വിഭാഗം സമസ്ത
Kerala
വിവാദ ദിവ്യനുമായി വിട്ടുനില്‍ക്കണമെന്ന് എപി വിഭാഗം സമസ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2013, 8:56 am

[]കോഴിക്കോട്: കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശിയായ വിവാദ ദിവ്യന്‍ ഹാഫിദ് അബ്ദുള്‍ ഹക്കീമുമായി സുന്നി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എപി വിഭാഗം ആവശ്യപ്പെട്ടു. []

അദ്ദേഹത്തിന്റെ നീക്കങ്ങളിലും സംസാരങ്ങളിലും ദുരൂഹതകളും സംശയാസ്പദമായ പല കാര്യങ്ങളും ഉള്ളതായും സമസ്ത പത്രക്കുറിപ്പില്‍ അറിയിച്ചു.

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും കാരന്തൂര്‍ മര്‍കസ് ഡയരക്ടറുമായ എ.പി അബ്ദുള്‍ ഹക്കീം അസ്ഹരിയുമായി അടുത്ത ബന്ധമാണ് ഈ വിവാദ ദിവ്യനുള്ളത്.

കാന്തപുരം വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനും തിരുകേശത്തിന്റെ സജീവ വക്താവുമായ നൗഷാദ് അഹ്‌സനിയേയും സംഘടനാ വേദികളില്‍ നിന്ന് ബഹിഷ്‌ക്കരിക്കുവാനും സമസ്ത മുശാവറ തീരുമാനിച്ചിട്ടുണ്ട്.

തിരുകേശത്തിന്റെ പ്രചാരണവും പ്രദര്‍ശനവും സംബന്ധിച്ച് എപി വിഭാഗം സമസ്തയില്‍ കഴിഞ്ഞ കുറച്ചുകാലമായി ഭിന്നത രൂക്ഷമാണ്. മര്‍കസിലുള്ള തിരുകേശത്തിന്റെ ആധികാരികതയിലും മുസ്‌ലീം വിഭാഗത്തിനിടയില്‍ അഭിപ്രായ വ്യത്യാസവുമുണ്ട്.

തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് സ്ഥാപന നേതൃത്വത്തിന് പൊന്മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സംഘടന കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഈ നിര്‍ദേശം ലംഘിച്ചതിനാണ് നൗഷാദ് അഹ്‌സനിയെ സംഘടനാ വേദികളില്‍ നിന്നും ബഹിഷ്‌ക്കരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. കാന്തപുരം വിഭാഗത്തില്‍ രൂപപ്പെട്ടിരിക്കുന്ന ഭിന്നതയില്‍ പൊന്മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘടനാ വിഭാഗത്തിന് ശക്തമായ മേല്‍ക്കൈയാണ് ഈ രണ്ട് നടപടികളിലൂടെയും ലഭിച്ചിരിക്കുന്നത്.