മെലിഞ്ഞവള്‍, രോഗി എന്നൊക്കെ കളിയാക്കി വിളിക്കുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സാമന്ത
Entertainment
മെലിഞ്ഞവള്‍, രോഗി എന്നൊക്കെ കളിയാക്കി വിളിക്കുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സാമന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 2:24 pm

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടിയാണ് സാമന്ത. തമിഴില്‍ ചെറിയ വേഷമായിരുന്നെങ്കിലും അതേ സിനിമയുടെ തെലുങ്ക് റീമേക്കില്‍ സാമന്തയായിരുന്നു നായിക. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി മികച്ച സിനിമകളില്‍ താരം അഭിനയിച്ചു. ഇന്ന് ഒരേ സമയം ബോളിവുഡിലും സൗത്ത് ഇന്ത്യയിലും ഒരേപോലെ ആരാധകരുള്ള താരമാണ് സാമന്ത.

തന്റെ രോഗാവസ്ഥയെ കുറിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സാമന്ത വെളിപ്പെടുത്തിയിരുന്നു. മയോസൈറ്റിസ് എന്ന ആരോഗ്യാവസ്ഥയിലൂടെ കടന്നു പോവുകയാണ് സാമന്ത. ഇതുമൂലം നടിയുടെ ശരീരഭാരം കുറയുകയും അസ്ഥികള്‍ക്ക് കരുത്ത് കുറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ശരീരത്തെ കുറിച്ചുള്ള ട്രോളുകള്‍ നിരന്തരം സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയാറുണ്ട്. മെലിഞ്ഞിരിക്കുന്നതിന്റെ പേരിലുള്ള കാലിയാക്കലുകള്‍ക്ക് മറുപടി നല്‍കുകയാണ് ഇപ്പോള്‍ സാമന്ത.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വര്‍ക്കൗട്ട് ചെയ്യുന്ന തന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സാമന്തയുടെ പ്രതികരണം. തന്നെ മെലിഞ്ഞവളെന്നും രോഗിയെന്നുമൊക്കെ വിളിക്കുന്നവരോട് ആദ്യം താന്‍ ചെയ്യുന്നതില്‍ ഏതെങ്കിലും മൂന്ന് വര്‍ക്കൗട്ടെങ്കിലും ചെയ്തു കാണിക്കെന്നാണ് സാമന്ത പറയുന്നത്.

‘അപ്പോള്‍ ഡീല്‍ ഇതാണ്. ഞാന്‍ ചെയ്യുന്ന വ്യായാമങ്ങളില്‍ കുറഞ്ഞത് ഇതില്‍ മൂന്നെണ്ണമെങ്കിലും നിങ്ങളെക്കൊണ്ട് സാധിക്കുന്നത് വരെയെങ്കിലും നിങ്ങള്‍ക്ക് എന്നെ മെലിഞ്ഞവള്‍ എന്നോ രോഗി എന്നോ വിളിക്കാന്‍ കഴിയില്ല. ചെയ്യാന്‍ ശ്രമിച്ചിട്ട് കഴിയാത്തയാകുമ്പോള്‍ ഈ വരികള്‍ക്കിടയിലൂടെ ഒന്നുകൂടി വായിക്കുക,’ സാമന്ത കുറിച്ചു.

Content Highlight: Samantha shuts down naysayers calling her ‘skinny, sickly’ with impressive workout video