അന്ന് മമ്മൂട്ടി ചിത്രത്തിലെ ആ സീനുകള്‍ ചില തിയേറ്ററുകളില്‍ വന്നപ്പോള്‍ ആളുകള്‍ പേടിച്ചു: ഛായാഗ്രാഹകന്‍ സാലു ജോര്‍ജ്
Entertainment
അന്ന് മമ്മൂട്ടി ചിത്രത്തിലെ ആ സീനുകള്‍ ചില തിയേറ്ററുകളില്‍ വന്നപ്പോള്‍ ആളുകള്‍ പേടിച്ചു: ഛായാഗ്രാഹകന്‍ സാലു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 8:51 am

മലയാള സിനിമയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനാണ് സാലു കെ. ജോര്‍ജ്. 1981ല്‍ ജലരേഖ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാലുവിന് സാധിച്ചു.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ തനിയാവര്‍ത്തനം ക്യാമറയില്‍ ഒപ്പിയെടുത്തത് സാലു ജോര്‍ജ് ആയിരുന്നു. ഇപ്പോള്‍ ആര്‍. സ്റ്റുഡിയോ മലയാളം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചും അതിന്റെ ക്യാമറ വര്‍ക്കിനെ കുറിച്ചും പറയുകയാണ് അദ്ദേഹം.

തനിയാവര്‍ത്തനം സിനിമയില്‍ ലൈറ്റും ഷേഡും നന്നായി ഉപയോഗിച്ചിരുന്നു. മിക്ക മുറികള്‍ക്ക് അകത്തും ഞാന്‍ ലൈറ്റ് പ്ലേസ് ചെയ്തിരുന്നില്ല. മിക്കതും ജനലിലൂടെ വരുന്ന ലൈറ്റായിരുന്നു ഉപയോഗിച്ചത്. 14 ദിവസം കൊണ്ട് ആ സിനിമയുടെ ഷൂട്ടിങ് തീര്‍ക്കേണ്ടിയിരുന്നു.

അതിന്റെ ടെന്‍ഷന്‍ ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു. ട്രോളിയിടേണ്ട ചില സീനുകളില്‍ ട്രോളിയിടാനുള്ള സമയം ഞങ്ങള്‍ക്ക് കിട്ടിയിരുന്നില്ല. ചില സീനിയര്‍ ക്യാമറാമാന്മാരൊക്കെ ഉപയോഗിക്കുന്ന ടെക്‌നിക്കുകളുണ്ടെന്ന് ഞാന്‍ സിബിയോട് പറഞ്ഞു.

ബെഡ്ഷീറ്റ് ഇട്ടിട്ട് അതില്‍ ക്യാമറ വെച്ചുവലിച്ച് ട്രോളി പോലെ കൊണ്ടുപോകാന്‍ ആവും. അങ്ങനെ എടുത്ത ചില സീനുകള്‍ തനിയാവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയെ തെയ്യം ഓടിക്കുന്ന ഒരു സീനുണ്ടല്ലോ, അത് അങ്ങനെ എടുത്തതാണ്.

ആ ഓടുന്ന സീന്‍ ബെഡ്ഷീറ്റ് വെച്ചാണ് ഷൂട്ട് ചെയ്തത്. വലിയ ലൈറ്റ്‌സൊന്നും കൊടുക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഉയരമുള്ള സ്ഥലത്ത് മമ്മൂട്ടിയെ നിര്‍ത്തിയിട്ട് അടിയില്‍ നിന്ന് ലൈറ്റിട്ടു. പിന്നെ മൊത്തം പുകയിട്ടു കൊടുത്തു.

ആ പുകയിലൂടെയാണ് മമ്മൂട്ടി ഓടിയത്. അതിന്റെ കൂടെ ഞങ്ങള്‍ ബെഡ്ഷീറ്റും വലിച്ചു കൊണ്ട് ഓടി. സമയമില്ലാത്തത് കൊണ്ട് ചെയ്തതായിരുന്നു അത്. പക്ഷെ നല്ല എഫക്ടീവായി. ആ സീനുകള്‍ ചില തിയേറ്ററുകളില്‍ വന്നപ്പോള്‍ ആളുകള്‍ പേടിച്ചു. അദ്ദേഹം കുളത്തില്‍ നിന്ന് ചങ്ങല വലിക്കുന്ന സീനൊക്കെ അത്രയും പേടിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു,’ സാലു ജോര്‍ജ് പറയുന്നു.

തനിയാവര്‍ത്തനം:

സിബി മലയില്‍ സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തനിയാവര്‍ത്തനം. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ചത് ഈ സിനിമക്ക് വേണ്ടിയാണ്. കുടുംബത്തിലെ പുരുഷന്മാര്‍ക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളില്‍പ്പെട്ടുഴലുന്ന ബാലന്‍ മാഷിന്റെ കഥയാണ് സിനിമ പറഞ്ഞത്. മമ്മൂട്ടി, മുകേഷ്, തിലകന്‍, സരിത എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.


Content Highlight: Saloo George Talks About Mammootty’s Scene In Thaniyavarthanam Movie