കണ്ണുനിറഞ്ഞിട്ട് ക്യാമറയില്‍ ഒന്നും കാണുന്നില്ലെന്ന് ഞാന്‍; അന്ന് ദേഷ്യത്തോടെ നിന്ന മമ്മൂട്ടി ചിരിച്ചു: ഛായാഗ്രാഹകന്‍ സാലു
Entertainment
കണ്ണുനിറഞ്ഞിട്ട് ക്യാമറയില്‍ ഒന്നും കാണുന്നില്ലെന്ന് ഞാന്‍; അന്ന് ദേഷ്യത്തോടെ നിന്ന മമ്മൂട്ടി ചിരിച്ചു: ഛായാഗ്രാഹകന്‍ സാലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 1:53 pm

1981ല്‍ ജലരേഖ എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഛായാഗ്രാഹകനാണ് സാലു കെ. ജോര്‍ജ്. പിന്നീട് നിരവധി മികച്ച മലയാള സിനിമകളുടെ ഭാഗമാകാന്‍ സാലുവിന് സാധിച്ചിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ തനിയാവര്‍ത്തനം ക്യാമറയില്‍ ഒപ്പിയെടുത്തത് സാലു ജോര്‍ജ് ആയിരുന്നു. ആ സിനിമയില്‍ ചില സീനില്‍ മമ്മൂട്ടിയുടെ അഭിനയം കണ്ടിട്ട് താന്‍ കരഞ്ഞിരുന്നുവെന്ന് പറയുകയാണ് സാലു.

ആര്‍. സ്റ്റുഡിയോ മലയാളം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചും അതിന്റെ ക്യാമറ വര്‍ക്കിനെ കുറിച്ചും പറയുകയായിരുന്നു അദ്ദേഹം.

തനിയാവര്‍ത്തനം സിനിമയില്‍ പെങ്ങളെ പെണ്ണുകാണാന്‍ വന്ന സമയത്ത് ഇറങ്ങി പോകുന്ന മമ്മൂട്ടിയുടെ ഒരു സീനുണ്ട്. ക്യാമറയുടെ പുറകില്‍ നില്‍ക്കുന്ന സമയത്ത് എനിക്ക് അതിന്റെ ഫീലൊക്കെ നന്നായി കിട്ടുമായിരുന്നു.

ഞാന്‍ വളരെ ബുദ്ധിമുട്ടി ഷൂട്ട് ചെയ്ത സീനുകളില്‍ ഒന്നായിരുന്നു അത്. അന്ന് റ്റു.സി ക്യാമറയൊക്കെ ആയിരുന്നല്ലോ. ആ ഷോട്ടൊക്കെ എടുക്കുന്ന സമയത്ത് അദ്ദേഹം അഭിനയിക്കുന്നതിന്റെ ഇമോഷന്‍സ് എനിക്ക് ക്യാമറയിലൂടെ കിട്ടും.

ചില സമയത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. അവസാനം എനിക്കൊന്നും കാണാന്‍ പറ്റാത്ത അവസ്ഥയാകും. ആ സമയത്ത് ഞാന്‍ കട്ട് പറയും. മമ്മൂട്ടി വളരെ ഇമോഷണലായി അഭിനയിക്കുകയും സിബി വലിയ ടെന്‍ഷനില്‍ നില്‍ക്കുകയും ചെയ്യുന്ന സമയമാകും അത്.

മമ്മൂട്ടി പെട്ടെന്ന് ദേഷ്യപ്പെട്ടിട്ട് ‘സാലു എന്താണ് ഈ കാണിച്ചത്’ എന്ന് ചോദിച്ചു. എനിക്കൊന്നും കാണാന്‍ പറ്റില്ലെന്ന് പറഞ്ഞതും എന്ത് പറ്റിയെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. എന്റെ കണ്ണുനിറഞ്ഞ് ഒഴുകിയിട്ടാണ് കാണാത്തത് എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ചെറുതായിട്ട് ഒന്ന് ചിരിച്ചു.

അദ്ദേഹം അഭിനയിച്ചത് എഫക്ടീവായി എന്ന തോന്നല് കാരണമായിരിക്കാം അന്ന് ചിരിച്ചത്. പിന്നെ കുറച്ച് കഴിഞ്ഞതും ഞങ്ങള്‍ വീണ്ടും സീനെടുത്തു. അതിലും മുമ്പത്തെ പോലെ തന്നെ ഗംഭീരമായി അദ്ദേഹം അഭിനയിച്ചു,’ സാലു ജോര്‍ജ് പറയുന്നു.

തനിയാവര്‍ത്തനം:

സിബി മലയില്‍ സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തനിയാവര്‍ത്തനം. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ചത് ഈ സിനിമക്ക് വേണ്ടിയാണ്.

കുടുംബത്തിലെ പുരുഷന്മാര്‍ക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളില്‍പ്പെട്ടുഴലുന്ന ബാലന്‍ മാഷിന്റെ കഥയാണ് സിനിമ പറഞ്ഞത്. മമ്മൂട്ടി, മുകേഷ്, തിലകന്‍, സരിത എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.


Content Highlight: Saloo George Talks About Mammootty’s Scene In Thaniyavarthanam Movie