സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് സിക്കന്ദര്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തമിഴിലെ ഹിറ്റ് ഫിലിം മേക്കര്‍ എ.ആര്‍. മുരുകദോസാണ്. 59 വയസുള്ള സല്‍മാനും 28 വയസുള്ള രശ്മിക മന്ദാനയും തമ്മിലുള്ള പ്രായവ്യത്യാസമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച.
ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. തന്റെ ജോഡിയായി അഭിനയിക്കാന്‍ രശ്മികക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് എന്നാണ് സല്‍മാന്‍ ഖാന്‍ ചോദിക്കുന്നത്. ഞായറാഴ്ച മുംബൈയില്‍ നടന്ന ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍.
സോഷ്യല്‍ മീഡിയയിലെ ആളുകള്‍ തന്നെ വേട്ടയാടുന്നുണ്ടെന്നും താന്‍ ഇവിടെ തന്നെ ഉണ്ടെന്ന് അവരെ കാണിക്കണമെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു. താനും നായികയും തമ്മിലുള്ള പ്രായവ്യത്യാസത്തെ കുറിച്ച് പലരും പറയുന്നത് കേട്ടുവെന്നും നായികക്കോ നായികയുടെ അച്ഛനോ പോലും പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണെന്നും സല്‍മാന്‍ ഖാന്‍ ചോദിക്കുന്നു. ഭാവിയില്‍ രശ്മിക വിവാഹിതയായി ഒരു മകളുണ്ടായാല്‍ അവരുടെ കൂടെയും രശ്മികയുടെ അനുവാദം വാങ്ങി താന്‍ വര്‍ക്ക് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പിന്നെ ഞാനും നായികയും തമ്മില്‍ 31 വയസിന്റെ വ്യത്യാസമുണ്ടെന്ന് അവര്‍ പറയുന്നു. പക്ഷേ നായികക്ക് പ്രശ്നമില്ല, അവളുടെ അച്ഛന് പോലും പ്രശ്നമില്ല, നിനക്കെന്താണ് പ്രശ്നം സഹോദരാ? അവള്‍ വിവാഹിതയായി ഒരു മകളുണ്ടാകുമ്പോള്‍, അവളുടെ മകളുടെ കൂടെ ഞാനും ജോലി ചെയ്യും. അവളുടെ അമ്മയുടെ അനുവാദം എന്തായാലും വാങ്ങിക്കും,’ സല്‍മാന്‍ ഖാന്‍ പറയുന്നു.
സിക്കന്ദര്‍ ഈദ് റിലീസായി മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തും. 200 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനെയും രശ്മികയെയും കൂടാതെ കാജല്‍ അഗര്‍വാള്‍, സത്യരാജ്, ശര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.