സ്വന്തം മകന്‍ അഭിനയിച്ച ഹിറ്റ് സിനിമ ഞാൻ കണ്ടില്ല, അക്കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോൾ 'എന്തൊരു അച്ഛനാണ്' എന്നാണ് ചോദിച്ചത്: സലിം കുമാർ
Entertainment
സ്വന്തം മകന്‍ അഭിനയിച്ച ഹിറ്റ് സിനിമ ഞാൻ കണ്ടില്ല, അക്കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോൾ 'എന്തൊരു അച്ഛനാണ്' എന്നാണ് ചോദിച്ചത്: സലിം കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 3:29 pm

കഴിഞ്ഞ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് ഇത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്.

ഇവര്‍ക്ക് പുറമെ നടന്‍ സലിംകുമാറിന്റെ മകന്‍ ചന്തു സലിംകുമാറും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ പ്രകടനമായിരുന്നു ചന്തുവിന്റേത്. ഇപ്പോൾ ചന്തുവിനെക്കുറിച്ച് സംസാരിക്കുകയാണ് സലിം കുമാർ.

മഞ്ഞുമ്മല്‍ ബോയ്‌സ് ഇറങ്ങി ഒരുമാസം കഴിഞ്ഞപ്പോള്‍ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എന്‍. കൃഷ്ണ തന്നെ വിളിച്ചിരുന്നെന്നും തമിഴ്നാട്ടില്‍ മലയാളം സിനിമ ഹിറ്റായതിൻ്റെ സന്തോഷം പറയാനാണ് വിളിച്ചതെന്നും സലിം കുമാര്‍ പറയുന്നു.

അദ്ദേഹത്തിന്റെ സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ടായിരുന്നെന്നും സിനിമ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ താന്‍ എന്തൊരു അച്ഛനാണ് എന്നാണ് അദ്ദേഹം ചോദിച്ചതെന്നും നടൻ പറഞ്ഞു.

പിറ്റേന്ന് താന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു സലിം കുമാര്‍.

‘സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എന്‍. കൃഷ്ണ വിളിച്ചു. അദ്ദേഹത്തിന്റെ നെടുംപാലയ് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ മലയാളം സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണ് വിളിച്ചത്.

മകന്‍ ചന്തു അതില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു വലിയ സന്തോഷം. മകന്‍ അഭിനയിച്ച സിനിമ ഞാനിതുവരെ കണ്ടില്ലെന്ന് പറഞ്ഞപ്പോള്‍ കൃഷ്ണ പറഞ്ഞു ‘സ്വന്തം മകന്‍ അഭിനയിച്ച ഹിറ്റ് സിനിമ ഒരുമാസം കഴിഞ്ഞും കാണാത്ത താന്‍ എന്തൊരു അച്ഛനാണ്’ എന്ന്. പിറ്റേന്ന് തന്നെ ഞാന്‍ പോയി സിനിമ കണ്ടു,’ സലിം കുമാര്‍ പറയുന്നു.

Content Highlight: Salim Kumar Talking about Chandu Salim Kumar