ഫിലിം തീര്‍ന്നതുകൊണ്ട് കംപ്ലീറ്റാകാത്ത ഡയലോഗായിരുന്നു അത്, തിയേറ്ററില്‍ വലിയ കൈയടി കിട്ടി: സലിംകുമാര്‍
Entertainment
ഫിലിം തീര്‍ന്നതുകൊണ്ട് കംപ്ലീറ്റാകാത്ത ഡയലോഗായിരുന്നു അത്, തിയേറ്ററില്‍ വലിയ കൈയടി കിട്ടി: സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th March 2025, 9:32 pm

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് സലിം കുമാര്‍. മിമിക്രിയിലൂടെ സിനിമയിലെത്തിയ സലിംകുമാര്‍ കരിയറിന്റെ തുടക്കത്തില്‍ കൂടുതലും ചെയ്തത് കോമഡി റോളുകളായിരുന്നു. എന്നാല്‍ 2005ല്‍ റിലീസായ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി എല്ലാവരെയും ഞെട്ടിച്ചു. പിന്നീട് 2010ല്‍ ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സലിം കുമാര്‍ സ്വന്തമാക്കി.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കര്‍മാരിലൊരാളായ ഷാഫിയുടെ മിക്ക ചിത്രങ്ങളിലും സലിം കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചട്ടമ്പിനാട്, വണ്‍മാന്‍ഷോ, മായാവി, കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ സലിംകുമാറിന് മികച്ച കഥാപാത്രങ്ങളായിരുന്നു ലഭിച്ചത്. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത 2007ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മായാവി.

ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ച കണ്ണന്‍ സ്രാങ്ക് എന്ന കഥാപാത്രം ഇന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്. മായാവിയുമായി ബന്ധപ്പെട്ട പ്ലെയിന്‍ മീമുകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തില്‍ ഏറ്റവുമധികം ചിരിപ്പിച്ച ഡയലോഗുകളിലൊന്നായിരുന്നു ‘ബാ ബാല’ എന്നത്. എന്നാല്‍ ആ സീനില്‍ ഡയലോഗ് പറഞ്ഞുകൊണ്ടിരുന്നതിനിടയില്‍ ഫിലിം തീര്‍ന്നുപോയിരുന്നെന്ന് സലിം കുമാര്‍ പറഞ്ഞു.

എഡിറ്റിങ്ങിന്റെ സമയത്താണ് ഷാഫി ഇക്കാര്യം ശ്രദ്ധിച്ചതെന്നും തന്നെ വിളിച്ച് സംസാരിച്ചെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. നല്ല ഡയലോഗായതുകൊണ്ട് എടുത്തുകളയാന്‍ തോന്നുന്നില്ലെന്ന് പറഞ്ഞ ഷാഫി ആ സീന്‍ കളയാതെ വെച്ചെന്നും തിയേറ്ററില്‍ ആ സീനിന് മികച്ച കൈയടിയായിരുന്നെന്നും സലിം കുമാര്‍ പറഞ്ഞു. അടുത്ത ഷോട്ടില്‍ ഓവര്‍ലാപ്പ് ചെയ്താണ് ആ ഡയലോഗ് കംപ്ലീറ്റ് ചെയ്തതെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സലിം കുമാര്‍.

‘മായാവിയില്‍ ഞാനും മനോജ് കെ. ജയനും സായ് കുമാറും സംസാരിക്കുന്ന സീനുണ്ടല്ലോ. അതില്‍ ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കുമ്പോള്‍ അവര്‍ മാറി പോകുന്നുണ്ട്. അപ്പോള്‍ ഞാന്‍ ‘പേര് തപ്പി ബുദ്ധിമുട്ടണ്ട, ബാ ബാലാ’ എന്ന് പറയുന്നുണ്ട്. ആ സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ ഫിലിം തീര്‍ന്നു. ഷാഫി അത് ശ്രദ്ധിച്ചത് എഡിറ്റിങ്ങിന്റെ സമയത്തായിരുന്നു.

പുള്ളി എന്നെ വിളിച്ചിട്ട്, ‘ഈ സീന്‍ മുഴുവനില്ല സലിമേ. പക്ഷേ, എനിക്കിത് കളയാന്‍ തോന്നുന്നില്ല’ എന്ന് പറഞ്ഞു. പുള്ളി അങ്ങനെയാ, നല്ല സീനാണെങ്കില്‍ അങ്ങനെ കളയില്ല. അവസാനം അത് സിനിമയില്‍ വെച്ചു. തിയേറ്ററില്‍ അതിന് നല്ല കൈയടിയായിരുന്നു. ഇപ്പോഴും ആ സീന്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. അടുത്ത ഷോട്ടില്‍ ഓവര്‍ലാപ്പ് ചെയ്തിട്ടാണ് എന്റെ ഡയലോഗ് കംപ്ലീറ്റാകുന്നത്,’ സലിം കുമാര്‍ പറയുന്നു.

Content Highlight: Salim Kumar shares the shooting experience of Mayavi movie